മെട്രോ നഗരവാസികളുടെ
താമസം വെള്ളക്കെട്ട് മേഖലകളിൽ
# 73 % ആളുകൾ വെള്ളക്കെട്ട് മേഖലയിൽ
കൊച്ചി: കൊച്ചി നഗരത്തിൽ 73 ശതമാനം ആളുകളും താമസിക്കുന്നത് വെള്ളക്കെട്ട് മേഖലകളിലെന്ന് പഠന റിപ്പോർട്ട്. അടിയന്തര സാഹചര്യമുണ്ടായാൽ, അഗ്നിശമന സേനയ്ക് അഞ്ച് മിനിറ്റ് കൊണ്ട് ത്താവുന്ന പരിധിയിലല്ല ജനസംഖ്യയുടെ 55 ശതമാനം പേരും താമസിക്കുന്നതെന്നും
അന്താരാഷ്ട്ര പഠന ഏജൻസിയായ സിറ്റീസ് ഫോർ ഫോറസ്റ്റ്‌സ് കൊച്ചി കോർപ്പറേഷന് വേണ്ടി നടത്തിയ സർവേയിൽ പറയുന്നു.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ള ഇടകൊച്ചി നോർത്ത്, സൗത്ത്, മുണ്ടംവേലി, പള്ളുരുത്തി മേഖലകൾ ഫയർ സ്‌റ്റേഷനുകളുടെ അഞ്ചു മിനിട്ട് സേവനപരിധിക്ക് പുറത്താണ്. ഈ ഡിവിഷനുകളിൽ നിന്ന് മൂന്ന് കിലോമീറ്ററിലധികം ദൂരത്തിലാണ് ഏറ്റവും അടുത്തുള്ള ഫയർ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ തീപിടിത്തമോ മറ്റെന്തെങ്കിലും അപകടമോ ഉണ്ടായാൽ രക്ഷാസേനയ്ക്ക് യഥാസമയം എത്തിച്ചേരാനാകണമെന്നില്ല. മാത്രമല്ല, അഞ്ച് കിലോമീറ്റർ റോഡ് ദൂരത്തിനുള്ളിൽ അംഗീകൃത പ്രളയ ദുരിതാശ്വാസ ക്യാമ്പുകളുമില്ല.
'കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൊച്ചിയെ രൂപപ്പെടുത്തുന്നു' എന്ന പേരിൽ പുറത്തിറക്കിയ പഠനരേഖ മേയർ എം. അനിൽകുമാർ പ്രകാശനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. റെനീഷ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷീബാലാൽ, വി.എ. ശ്രീജിത്ത്, പ്രിയ പ്രശാന്ത്, കൗൺസിലർമാരായ എസ്. ശശികല, ദീപ വർമ, കോർപ്പറേഷൻ അഡിഷണൽ സെക്രട്ടറി വി.പി. ഷിബു, സി ഹെഡ് ഡയറക്ടർ ഡോ. സി. രാജൻ എന്നിവർ സംസാരിച്ചു.
സുരക്ഷിതർ 27 ശതമാനം
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളെ അതിജീവിക്കാനായി കൊച്ചി നഗരത്തിനു വേണ്ടി സമഗ്ര ദുരന്ത കൈകാര്യ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നഗരവാസികളുടെ ജീവിത മേഖലയെ കുറിച്ച് തരംതിരിച്ചുള്ള പഠനം നടത്തിയത്. നഗര ജനസംഖ്യയുടെ 27 ശതമാനം ആളുകൾ മാത്രമാണ് വെള്ളക്കെട്ട് ഭീഷണി നേരിടാതെ ജീവിക്കുന്നതെന്ന് പഠനം പറയുന്നു.