111

തൃക്കാക്കര: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജഗിരി ബിസിനസ് സ്കൂളിന് ലഭിച്ച അസോസിയേഷൻ ടു അഡ്വാൻസ്ഡ് കൊളീജിയറ്റ് സ്കൂൾസ് ഒഫ് ബിസിനസ് (എ.എ.സി.എസ്.ബി) രാജ്യാന്തര അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യ വികസനം,പാഠ്യപദ്ധതിയിലും ബോധനസമ്പ്രദായത്തിലും നൂതനമായ മാറ്റം,വിദ്യാഭ്യാസ-വ്യാവസായിക മേഖലകൾ തമ്മിലുള്ള ജൈവബന്ധം തുടങ്ങിയ നടപടികളാണ് സർക്കാ‍ർ ആവിഷ്കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സാമ്പത്തിക സഹായം നൽകുകയും നിലവാരം ഉറപ്പാക്കുകയും ചെയ്യും. സർക്കാരിന്റെ ഇടപെടലുകൾ ഫലം കണ്ടതിന്റെ സൂചനകളാണ് ഏറ്റവും പുതിയ നാക് ഗ്രേഡിംഗിലുള്ളത്. എ++ ഗ്രേഡ് നേടിയ രാജ്യത്തെ ആറ് സർവകലാശാലകളിലൊന്നായി കേരള സർവകലാശാല മാറി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ രാജ്യത്തെ 100 സർവകലാശാലകളിൽ കേരളത്തിലെ നാല് സർവകലാശാലകൾ ഇടം നേടി. ഈ നേട്ടങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഉതകുന്ന ഇടപെടലുകൾ രാജഗിരി സ്ഥാപനങ്ങളിൽ നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര അദ്ധ്യക്ഷത വഹിച്ചു. രാജഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഡോ. ജോസ് കുറിയേടത്ത്,രാജഗിരി ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. സുനിൽ പുലിയക്കോട്ട്,രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിന് ലഭിച്ച അസോസിയേഷൻ ടു അഡ്വാൻസ്ഡ് കൊളീജിയറ്റ് സ്കൂൾസ് ഒഫ് ബിസിനസ് (എ.എ.സി.എസ്.ബി) രാജ്യാന്തര അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു