f

കൊച്ചി: സഹകരണ സംഘങ്ങളിലെ അംഗങ്ങളെ പുറത്താക്കാൻ അഡ്‌മിനിസ്ട്രേറ്റർക്കും അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും തിരഞ്ഞടുക്കപ്പെട്ട ഭരണ സമിതിക്കും അധികാരമുണ്ടെന്ന് ഹൈക്കോടതി. തൃശൂർ ജില്ലയിലെ അടാട്ട് ഫാമേഴ്‌സ് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളെ പുറത്താക്കിയ അഡ്‌മിനിസ്ട്രേറ്ററുടെ നടപടി ശരിവച്ചാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.

സഹകരണ ബാങ്കിൽ നേരത്തെയുണ്ടായിരുന്ന അഡ്‌മിനിസ്ട്രേറ്റർ 4,464 പേർക്ക് സംഘത്തിൽ അംഗത്വം നൽകിയിരുന്നു. പിന്നീട് നിയമിതനായ അഡ്‌മിനിസ്ട്രേറ്റർ ഇവരുടെ അംഗത്വം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ ദിനപത്രത്തിൽ നോട്ടീസ് പ്രസിദ്ധീകരിച്ചു. പിന്നീട് ഇവരെ പുറത്താക്കുകയും ചെയ്തു. ഇതിനെതിരെ രണ്ടംഗങ്ങൾ നൽകിയ ഹർജിയിൽ അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. അഡ്‌മിനിസ്ട്രേറ്റർക്ക് അംഗങ്ങളെ പുറത്താക്കാൻ അധികാരമില്ലെന്നും അംഗങ്ങൾക്ക് വ്യക്തിപരമായി നോട്ടീസ് നൽകാതെ പുറത്താക്കിയത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾബെഞ്ചിന്റെ വിധി. ഇതിനെതിരെ സർവീസ് സഹകരണ ബാങ്ക് നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. അഡ്‌മിനിസ്ട്രേറ്റർക്ക് ഇത്തരം അധികാരമുണ്ടെന്ന് വിലയിരുത്തി സിംഗിൾബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഹർജിക്കാരായ രണ്ടംഗങ്ങളുടെ കാര്യത്തിൽ അഡ്‌മിനിസ്ട്രേറ്റർ അവർക്ക് നോട്ടീസ് നൽകി പറയാനുള്ളത് കേട്ട് തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.