 
തൃപ്പൂണിത്തുറ: കേരള ഹോം ഗാർഡ്സ് ആൻഡ് സിവിൽ ഡിഫൻസ് റെയ്സിംഗ് ദിന വാരാചരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേനയും ഹോംഗാർഡ്സും സിവിൽ ഡിഫൻസും ചേർന്ന് തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ സിവിൽ സ്റ്റേഷൻ സമുച്ചയത്തിന്റെ മേൽക്കൂരയിൽ അപകട ഭീതി പരത്തുന്ന വളർന്നു പന്തലിച്ച ആൽമരത്തെക്കുറിച്ചും വൃത്തിഹീനമായ സിവിൽ സ്റ്റേഷൻ പരിസരത്തെക്കുറിച്ചും വാർത്തയുണ്ടായിരുന്നു. ആൽമരത്തിന്റെ വേര് വളർന്ന് പൊട്ടിയ കുടിവെള്ള പൈപ്പുകൾ ഓഫീസ് ജീവനക്കാർ തന്നെ പണം മുടക്കി ശരിയാക്കുകയായിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ട ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരൻ മുൻകൈയെടുത്താണ് മേൽക്കൂരയിലെ മരം മുറിച്ചു നീക്കിയത്. സമുച്ചയത്തിന്റെ പാർക്കിംഗിന് തടസമായി കിടന്നിരുന്ന മണൽ-കരിങ്കൽ കൂനകളും വലിയ തടിക്കഷണങ്ങളും ജപ്തി ചെയ്ത വാഹനവും പാർക്കിംഗ് ഭാഗത്തുനിന്ന് നീക്കം ചെയ്തു.
തൃപ്പൂണിത്തുറ അസി. സ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, എക്സൈസ് ഇൻസ്പെക്ടർ പോൾ കെ. വർക്കി, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എ.ജി. ശ്രീജിതിൻ, അരുൺ ഐസക്, പി. കണ്ണൻ, ഹോംഗാർഡുമാരായ എം.എൻ. പുഷ്കരൻ, പി.വി. വിനോഷ്, കെ.കെ. പാർത്ഥസാരഥൻ, എം. രഞ്ജിത്ത്, കെ.കെ. രാജു, സിവിൽ ഡിഫൻസ് അംഗങ്ങളായ എം.എച്ച്. ശ്രീകുമാർ, കെ.എൻ. വിനോദ് കുമാർ, സ്റ്റാർവിൻ എം. അഗസ്റ്റിൻ, എൻ.എ. രഘു, ശരത്ത് ശശിന്ദ്രൻ, ഹരികുമാർ, ജുഡൻ, മനു, റെജീൻ റാഫേൽ എന്നിവരും പങ്കെടുത്തു.