cm

ആലുവ: അടുത്ത സാമ്പത്തികവർഷം മുതൽ പാരിസ്ഥിതിക ചെലവുവിവരങ്ങൾ അടങ്ങിയ രേഖ 'കേരള പരിസ്ഥിതി ബഡ്‌ജറ്റ്" എന്നപേരിൽ ബഡ്‌ജറ്റിനൊപ്പം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലുവ തുരുത്തിൽ കൃഷിവകുപ്പിന്റെ സംസ്ഥാന വിത്ത് ഉത്പാദനകേന്ദ്രം കാർബൺ ന്യൂട്രലായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 13 ഫാമുകൾ കാർബൺ ന്യൂട്രൽ ആക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. 140 നിയോജകമണ്ഡലങ്ങളിലും കാർബൺ ന്യൂട്രൽ കൃഷിത്തോട്ടങ്ങളും ഹരിത പോഷകഗ്രാമങ്ങളും ആരംഭിക്കും. ആദിവാസി മേഖലകളിലും ഇതുണ്ടാകും. വനിതാ കൂട്ടായ്മകളും പങ്കുവഹിക്കും. 2050 ഓടെ സംസ്ഥാനം നെറ്റ് സീറോ കാർബൺ എമിഷനിൽ എത്തിക്കും.

രാജ്യത്തെ ആദ്യ സൗരോർജ ബോട്ട് 'ആദിത്യ" കേരളത്തിലാണ്. 2026നകം 50 ശതമാനം ബോട്ടുകളും സൗരോർജത്തിലാവും. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള വായ്പാപലിശയിൽ ഇളവുനൽകാൻ ആദ്യഘട്ടത്തിൽ 15 കോടി രൂപ അനുവദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഫാം സന്ദർശിച്ചു. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. എം.പിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായി. മുതിർന്ന കർഷകൻ ഔസേപ്പിനെ മുഖ്യമന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ ഡോ.രേണു രാജ്, അഗ്രിക്കൾചർ പ്രൊഡക്ഷൻ കമ്മിഷണർ ഇഷിത റോയ്, കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, ഡോ.രാജശേഖരൻ, ജോർജ് അലക്സാണ്ടർ, ആർ.വീണാ റാണി, എ.രാജി ജോസ്, തോമസ് സാമുവൽ, ലിസിമോൾ ജെ.വടക്കൂട്ട് തുടങ്ങിയവർ പങ്കെടുത്തു.