മട്ടാഞ്ചേരി: പീമാദേവി സ്വന്തം നാടായ നേപ്പാളിലേക്ക് നാളെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 48വർഷംമുമ്പ് കൊച്ചിയുടെ മരുമകളായി നേപ്പാൾ സ്വദേശി ദുനിറാം വിവാഹം കഴിച്ചുകൊണ്ടുവന്ന പീമാദേവി ഭർത്താവിന്റെ മരണശേഷവും 16വർഷമായി കൊച്ചിയിൽ താമസം തുടരുകയായിരുന്നു. ജീർണിച്ച് നിലംപൊത്താറായ പാണ്ടികശാലയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തം നാടായ നേപ്പാളിലേക്ക് മടങ്ങണമെന്നത്. വിവരമറിഞ്ഞ സാമൂഹ്യ പ്രവർത്തകൻ മുകേഷ് ജയിനും ഭാര്യ ഭാവനയും ചേർന്ന് പീമാദേവിയെ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ മുൻകൈയെടുത്തു. നാളെ രാവിലെ നെടുമ്പാശേരിയിൽ നിന്ന് 11.45ന് പുറപ്പെടുന്ന ലക്നൗവിലേക്കുള്ള വിമാനത്തിൽ പീമാദേവിയും മുകേഷ് ജെയിനും ഭാര്യയും യാത്രതിരിക്കും. തുടർന്ന് ലക്നൗവിൽനിന്ന് ഇവർ റോഡുമാർഗം നേപ്പാളിലെത്തും. പീമാദേവിയെ നേപ്പാളിലെ
ബന്ധുക്കളുടെഅടുത്ത് എത്തിച്ചശേഷം മുകേഷ് ജെയിനും ഭാര്യയും നാട്ടിലേക്ക് മടങ്ങും.
കൊച്ചിക്കാരിയായി കഴിഞ്ഞ പീമാദേവിക്ക് കൊച്ചി നിവാസികളുടെ നേതൃത്വത്തിൽ ഇന്ന് ഹൃദ്യമായ യാത്രഅയപ്പ് നൽകും. മട്ടാഞ്ചേരി കൃഷ്ണാ ലോഡ്ജിന് സമീപം വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്യും. മുൻ കൗൺസിലർ ശ്യാമളപ്രഭു മുഖ്യാതിഥിയാകും. കൂടാതെ സാമൂഹ്യ സാംസ്കാരികരംഗത്തെ നിരവധിപേർ പങ്കെടുക്കും.