കൊച്ചി: രാഷ്ട്രീയത്തിലെ പുതുതലമുറ പകർത്തേണ്ട വ്യക്തിത്വമാണ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വയലാർ രവിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം പ്രസ് ക്ളബിന്റെ പി.എസ്. ജോൺ എൻഡോവ്മെന്റ് അവാർഡ് വയലാർ രവിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതേതര പൊതുപ്രവർത്തനം കുടുംബജീവിതത്തിലും പുലർത്തിയ വ്യക്തിയാണ് വയലാർ രവി. ജാതിമതചിന്തകൾക്കതീതമായി നന്മയെ അദ്ദേഹം അംഗീകരിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകളിലും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചു. കമ്മ്യൂണിസത്തെ എതിർത്തെങ്കിലും കമ്മ്യൂണിസ്റ്റുകാരെ എതിർത്തില്ല. ചെറുപ്പത്തിൽ തന്നെ ദേശീയ നേതൃത്വത്തിലേക്ക് ഉയരാൻ കഴിഞ്ഞത് സ്വന്തം കഴിവും അദ്ധ്വാനവുമാണ്. കെ. കരുണാകരനെ എതിർക്കാനും എ.കെ. ആന്റണിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും അദ്ദേഹം തയ്യാറായി. കേന്ദ്രമന്ത്രിയായിരിക്കെ ദേശീയ താത്പര്യം മുൻനിറുത്തിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ പ്രസ് ക്ളബ് പ്രസിഡന്റ് എം.ആർ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. മേയർ എം. അനിൽകുമാർ,ഹൈബി ഈഡൻ എം.പി.,ടി.ജെ. വിനോദ് എം.എൽ.എ.,കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത,പ്രസ് ക്ളബ് സെക്രട്ടറി എം. സൂഫി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.