*എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിൽ
കുമാരീസംഘം രൂപീകരിച്ചു
കൊച്ചി: കുട്ടികളെ ലഹരിവലയിൽപ്പെടാതെ കാത്തുസൂക്ഷിക്കാൻ മാതാപിതാക്കളും ബന്ധുക്കളും ജാഗരൂകരാകണമെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനിലെ കുമാരീസംഘം രൂപീകരണയോഗവും ലഹരിവിരുദ്ധക്ളാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീതിദമായ നിലയിൽ രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും ആൺ- പെൺ വ്യത്യാസമില്ലാതെ ലഹരിമരുന്നുകളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ഏതൊക്കെ രീതിയിൽ ലഹരികളുടെ കരങ്ങൾ കുട്ടികളിലേക്കെത്തുന്നുണ്ടെന്ന് പറയാനാവില്ല. മാതാപിതാക്കൾ അതീവ ജാഗ്രതയോടെ കുട്ടികളെ സമീപിക്കണം.
പുതിയകാലത്ത് പുതിയതരത്തിലെ ലഹരിവസ്തുക്കളാണ് പ്രചരിക്കുന്നത്. പെട്ടെന്ന് കണ്ടെത്താനും കഴിഞ്ഞെന്നുവരില്ല. മക്കളുമായി സ്നേഹപൂർണമായ ബന്ധത്തിലൂടെ മാത്രമേ അവരെ ചതിക്കുഴികളിൽനിന്ന് അകറ്റിനിറുത്താനാകൂ.
രാജ്യം അതിവേഗം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ മയക്കുമരുന്ന് ഉയർത്തുന്ന ഭീഷണി ഗൗരവതരമാണ്. വിദ്യാസമ്പന്നരായ പുതുതലമുറയാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക. അവരെ നശിപ്പിക്കാനുള്ള ഗൂഢാലോചനകളാണ് ഇതിന് പുറകിലുള്ളത്. ഇക്കാര്യത്തിൽ എല്ലാ എസ്.എൻ.ഡി.പി യോഗം പ്രവർത്തകരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. 2022 കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളേയും അരയാക്കണ്ടി സന്തോഷ് അനുമോദിച്ചു.
യൂണിയൻ വനിതാസംഘം കൺവീനർ കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കേരള പൊലീസ് ജനമൈത്രി ട്രെയിനർ കെ.പി. അജേഷ് ലഹരി വിരുദ്ധ ക്ളാസെടുത്തു. യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ പടമുകൾ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. വനിതാസംഘം കൺവീനർ വിദ്യ സുധീഷ് സ്വാഗതവും ചെയർപേഴ്സൺ ഭാമ പത്മനാഭൻ നന്ദിയും പറഞ്ഞു.
കലണ്ടറുകളിലെ പിശക്
ആക്ഷേപകരം
2023ലെ ചില സ്വകാര്യ കലണ്ടറുകളിൽ ശ്രീനാരായണ ഗുരുദേവസമാധി ദിനം കന്നി ആറായി രേഖപ്പെടുത്തിയിട്ടുള്ളത് ഗുരുഭക്തരെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. സർക്കാർ കലണ്ടറുകളിൽ ഉൾപ്പടെ കൃത്യമായ വിവരങ്ങളാണുള്ളത്. എന്നിട്ടും തെറ്റുവരുത്തിയ കലണ്ടറുകൾ ഇപ്പോഴും വിപണിയിലുണ്ട്. ഇത് പിൻവലിക്കാൻ തയ്യാറാകണം. ഈ തെറ്റിനോട് ക്ഷമിക്കാൻ ശ്രീനാരായണ സമൂഹത്തിന് കഴിയില്ലെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു.