x
റീജ സന്തോഷ്, സുജി വിനിഷ് എന്നിവരെ വാർഡ് വികസന സമിതിയുടെ നേത്യത്വത്തിൽ ആദരിക്കുന്നു

* മാലിന്യത്തിൽ നിന്നുകിട്ടിയ 15പവൻ ആഭരണങ്ങൾ
ഉടമയ്ക്ക് തിരികെ നൽകി

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 13-ാം വാർഡിലെ ഹരിതകർമ്മ സേനാംഗങ്ങളായ റീജ സന്തോഷ്, സുജി വിനീഷ് എന്നിവർ പതിവുപോലെ

മാലിന്യശേഖരണത്തിന്റെ ഭാഗമായി പലവീടുകളിലും എത്തി. ഒരുവീട്ടിൽനിന്നുനൽകിയ മാലിന്യക്കൂമ്പാരം തരംതിരിക്കുന്നതിനിടയിൽ ഒരുപഴ്സ് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുറന്നുനോക്കിയപ്പോൾ അതിൽ സ്വർണാഭരണങ്ങളായിരുന്നു. ഇവ അവരുടെ കണ്ണുമഞ്ഞളിപ്പിച്ചില്ല. ഉടനെ ഇരുവരും ആ വീട്ടിലെത്തി ഉടമയ്ക്ക് തിരിച്ചുനൽകി.

ഇരുവരുടെയും നന്മമനസ് തിരിച്ചറിഞ്ഞ വാർഡ് വികസനസമിതി ഭാരവാഹികൾ ഇരുവരെയും അനുമോദിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. സുധ നാരായണൻ അദ്ധ്യക്ഷതവഹിച്ചു. വാർഡ് വികസനസമിതി അംഗങ്ങളായ ശ്രീജിത്ത് ഗോപി, എം.സി. മോഹൻദാസ്, സുധീഷ് കുഞ്ഞപ്പൻ, സി.ഡി.എസ് അംഗങ്ങളായ ഷൈനി മധു, ദിവ്യ മോഹൻദാസ്, ഉമ നന്ദനൻ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

റീജ സന്തോഷിന് സ്വന്തയായി വീടില്ല. താത്കാലിക ഷെഡിലാണ് അന്തിയുറങ്ങുന്നത്. മുൻ എം.എൽ.എ എം. സ്വരാജ് ഇടപെട്ടാണ് വൈദ്യുതി കണക്ഷൻ കിട്ടിയത്. സുജി വിധവയും 2 വയസുള്ള കുട്ടിയുടെ മാതാവുമാണ്. പരിമിതമായ ചുറ്റുപാടുകളിൽനിന്നും വരുന്ന രണ്ടു പേരും ഏറ പരാധീനതകളിലാണ് ജീവിതം തള്ളി നീക്കുന്നത്. 400 വീടുകൾ കയറിയിറങ്ങിയാൽ കിട്ടുന്നത് ദിവസേന 200 മുതൽ 300 രൂപ വരെയാണ്, ഉച്ചയ്ക്ക് മുമ്പ് ശേഖരിച്ച മാലിന്യക്കവറിൽ നിന്നാണ് സ്ഥിരം കളക്ട് ചെയ്യുന്ന വീടിൻെറ ഉടമസ്ഥയെ തിരിച്ചറിഞ്ഞത്. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത വീട്ടമ്മ കഴിഞ്ഞദിവസം ടൂറിന് പോയപ്പോൾ കള്ളന്മാരെ പേടിച്ച് സ്വർണമാല, കമ്മൽ, വള, പൂർണത്രയീശന്റെ ലോക്കറ്റ് എന്നിവ പഴ്സിൽ ഒളിപ്പിച്ചുവച്ചിരുന്നത് അബദ്ധത്തിൽ മാലിന്യശേഖരത്തിൽ വന്നുപെടുകയായിരുന്നു.