പറവൂർ: പ്രളയത്തിൽ തൂണുകൾ തകർന്നതിനാൽ ഗതാഗതം നിരോധിച്ച കോട്ടുവള്ളി - ചെമ്മായം പാലത്തിന്റെ പുനർനിർമാണം നീളുന്നു. പൊതുമരാമത്ത് ,റവന്യൂ വകുപ്പുകളടക്കമുള്ളവ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കാരണം.

സർക്കാർ പാലം പണിക്കും സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള സർവേയ്ക്കും ഫണ്ട് അനുവദിച്ചിട്ട് നാളുകളായെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ വേഗത്തിലാക്കുന്നില്ല. മൂന്ന് വർഷം പിന്നിട്ടിട്ടും പാലത്തിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള സർവേ നടപടി കഴിഞ്ഞ ദിവസമാണ് നടത്തിയത്.

പ്രതിപക്ഷനേതാവിന്റെ ഇടപെടൽ മൂലം റവന്യു മന്ത്രി കെ. രാജൻ കർശന നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് സ്ഥലമെടുപ്പ് തഹസിൽദാർ അടക്കമുള്ളവർ ബുധനാഴ്ച സർവേയ്ക്കായി എത്തിയത്. ഒന്നര വർഷം മുമ്പ് പാലത്തിനായി മണ്ണ് പരിശോധന നടത്തിയിരുന്നു. 2020 ഫെബ്രുവരിയിൽ പാലത്തിലൂടെയുള്ള കാൽനട യാത്രയുൾപ്പെടെ പൊതുമരാമത്ത് വകുപ്പ് നിരോധിച്ചു.

ഈയിടെ പാലം അടച്ചു കെട്ടി. രണ്ട് പതിറ്റാണ്ട് മുമ്പ് ജോർജ് ഈഡൻ എം.പിയായിരിക്കെയാണ് ഇവിടെ പാലം നിർമ്മിച്ചത്.പ്രളയത്തിൽ പാലത്തിന് ബലക്ഷയമുണ്ടായതിനാൽ പുതിയ വീതി കൂടിയ പാലം വേണമെന്ന ആവശ്യമുയർന്നു. 2020-21 വർഷത്തെ ബജറ്റിൽ 17.42 കോടി രൂപ പാലത്തിനായി വകകൊള്ളിച്ചു. ആറ് മാസത്തോളം വൈകിയാണ് ഭരണാനുമതി കിട്ടിയത്. സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള സർവേ നടപടികൾക്കായി 3.76 ലക്ഷം അനുവദിച്ചുവെങ്കിലും റവന്യു ഉദ്യോഗസ്ഥർ തുടർ നടപടിയെടുത്തില്ല.

പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം അപകടാവസ്ഥയിലുള്ള പാലത്തിലൂടെ എല്ലാ യാത്രകളും നിരോധിക്കുകയും രണ്ട് അടച്ചുകൊട്ടുകയും ചെയ്തു. നാട്ടുകാർ ഇതൊന്നും കൂട്ടാക്കാതെ പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. ഇത് വലിയ അപകടം വിളിച്ചുവരുത്തും. പാലം പുനർനിർമ്മിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടികൾ സ്വീകരിക്കണം. കെ.എസ്. ഷാജി,

പ്രസിഡന്റ്

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്.

ഈ മേഖലയിൽ വളരെ രൂക്ഷമായ ഗതാഗത പ്രശ്നമാണ് പാലത്തിലൂടെ ഗതാഗതം നിരോധിച്ചതു മൂലം ഉണ്ടായിട്ടുള്ളത്. പാലം പുനർനിമ്മിക്കുന്നതിന് ലാന്റ് അക്വസിഷൻ അടിയന്തരമായി നടത്തി തുടർ നടപടികൾ സ്വീകരിക്കണം.

ഷാരോൺ പനക്കൽ

ജില്ലാ പഞ്ചായത്ത് അംഗം