
പട്ടിമറ്റം: പട്ടിമറ്റത്തെ ഉയർന്ന മേഖലകളിലേക്ക് കുടിവെള്ളമെത്തിച്ചിരുന്ന മുണ്ടേക്കുളം ഇന്ന് മാലിന്യങ്ങൾ നിറഞ്ഞും കൊതുകുകളുടെ വാസകേന്ദ്രമായും മാറി ഉപയോഗ യോഗ്യമല്ലാതായി. ടൗണിലെ മാലിന്യങ്ങൾ ഓടകൾ വഴി മുണ്ടേക്കുളത്തിലേയ്ക്ക് ഒഴുകിയെത്തുന്നതാണ് കാരണം. പട്ടിമറ്റം ടൗണിലെ ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും മാലിന്യ പൈപ്പ് സമീപത്തെ ഓടയിലേക്കാണ്. ഇതിൽ സീവേജ് പൈപ്പുകളടക്കമുണ്ടെന്ന് പല തവണ പരാതി ഉയർന്നെങ്കിലും അധികൃതർ കേട്ട മട്ടില്ല.
മലിന ജലത്താൽ കുളവും പരിസരവും ദുർഗന്ധ പൂരിതമാണ്, ഒപ്പം പകർച്ചവ്യാധി ഭീഷണിയിലാണ് പരിസരപ്രദേശങ്ങൾ. പ്രദേശത്തെ ഏറ്റവും നല്ല ജല സ്രോതസുകളിലൊന്നായിരുന്ന മുണ്ടേക്കുളം കടുത്ത വേനൽക്കാലത്തും വറ്റാത്ത നീരുറവയായിരുന്നു.
കുന്നത്തുനാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഡബിൾപാലത്താണ് മുണ്ടേക്കുളം. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷി ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കുന്നതിനുമായി ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ അവ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു.
കൈതക്കാട്, ഡബിൾ പാലം, പൊത്താംകുഴിമല, മുബാറക് നഗർ തുടങ്ങിയ പ്രദേശങ്ങളിലെക്ക് പമ്പിംഗ് നടത്തി കുടിവെള്ളം എത്തിച്ചിരുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അനാസ്ഥ കാരണം മുടങ്ങി. ലക്ഷങ്ങൾ വിലയുള്ള മോട്ടറുകളും പമ്പിംഗ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. പട്ടിമറ്റം ടൗണിലെ കാനകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് ഓട വഴി തോടുകളിലെത്തി ഇവിടേക്ക് ഒഴുകിയെത്തുന്നത്. നിരവധി തവണ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
ആറാം വാർഡിൽ സ്വതന്ത്രനായി വിജയിച്ചപ്പോൾ നടപ്പാക്കിയ സ്വപ്ന പദ്ധതിയാണിത്. 2013ൽ കമ്മിഷൻ ചെയ്ത് പൊത്താംകുഴി മല വരെ കുടിവെള്ളമെത്തിച്ചതാണ്. എന്നാൽ പിന്നീട് വന്ന ഭരണസമിതികൾ പദ്ധതിയെ കൈവിട്ടു. അധികൃതരുടെ അനാസ്ഥയും പദ്ധതി മുടങ്ങാൻ കാരണമായി. നൂറു കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പദ്ധതി ഇനിയും പ്രയോജനപ്പെടുത്താവുന്നതാണ്.
എ.പി. കുഞ്ഞുമുഹമ്മദ്,
മുൻ പഞ്ചാത്ത് അംഗം