b
ആൽപ്പർ ഐഡിൻ

കൊച്ചി: കലകളുടെയും കരവിരുതുകളുടെയും സൗന്ദര്യവർണങ്ങളൊരുക്കി ലോകത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി.കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് നാളെ കൊടിയേറുന്നതോടെ, ചരിത്രമുറങ്ങുന്ന നഗരത്തിലെ 14 മേഖലകളിൽ ഉത്സവമേളം. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്യും.

കൊവിഡ് മുടക്കിയ മേള പൂരപ്പകിട്ടോടെയാണ് മടങ്ങിയെത്തുന്നത്. നാലുമാസം നീളുന്ന അഞ്ചാമത് ബിനാലെയിൽ വിദേശ രാജ്യങ്ങളിൽ നിന്നു മാത്രം 90ൽ ഏറെ കലാകാരന്മാർ പ്രതിഭകാട്ടും. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരികോത്സവം കാണാൻ പത്തുലക്ഷത്തിലേറെപേർ കൊച്ചിയിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നു. രാവിലെ പത്തു മുതൽ വൈകിട്ട ഏഴുവരെയാണ് പ്രവേശനം.
കൊച്ചി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിവിധ വേദികളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിയുമായ ശുബിഗി റാവുവാണ് ക്യുറേറ്റർ. സമൂഹത്തിലെ നേർക്കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങളും ശില്പങ്ങളും മറ്റു കലാരൂപങ്ങളും ഉണ്ടാകും. ബിനാലെയോടനുബന്ധിച്ചുള്ള സംഗീത വിരുന്നുകൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവയിൽ പ്രമുഖർ പങ്കെടുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തും. തുടർന്ന് കലയരങ്ങളുടെ ഉദ്ഘാടനവും പെപ്പർ ഹൗസിൽ ഇൻഡൊനേഷ്യൻ കലാകാരി മെലാറ്റി സൂര്യധർമ്മോയുടെ കലാപരിപാടിയും നടക്കും.

കഥപറയുന്നു, 'തുർക്കി കല്ലുകൾ"

എത്ര വളർന്നാലും മനുഷ്യൻ പ്രകൃതിയുടെ ഒരംശം മാത്രമാണെന്ന തിരിച്ചറിവു നൽകുന്ന കലാരൂപങ്ങളുമായി തുർക്കി കലാകാരൻ ആൽപ്പർ ഐഡിൻ (33) എത്തി. മനുഷ്യന് പ്രകൃതിയിൽ പ്രത്യേക പദവിയോ അധികാരമോ ഇല്ലെന്ന് ഈ കലാകാരൻ സമർത്ഥിക്കുന്നു. പരിസ്ഥിതിയുടെ രാഷ്ട്രീയവും ജീവിതയാഥാർത്ഥ്യങ്ങളും ഇഴചേർന്ന സൃഷ്ടികളാണിവയെന്നും ചിന്തകളുടെ സൗന്ദര്യത്തിന് പൂർണത കൈവരുന്നത് കലയരങ്ങുകളിലാണെന്നും അദ്ദേഹം പറയുന്നു.
പെൻസിൽ ഡ്രോയിംഗുകളും പ്ലാസ്റ്റിക് പെയിന്റിൽ തീർത്ത ഇൻസ്റ്റലേഷനുമാണ് ഫോർട്ടുകൊച്ചി പെപ്പർ ഹൗസിൽ ആൽപ്പർ ഐഡിൻ അവതരിപ്പിക്കുന്നത്.
ജന്മനാട്ടിലെ, പല വലിപ്പത്തിലുള്ള കല്ലുകളുടെ ചിത്രങ്ങളാണ് ഇൻസ്റ്റലേഷനിലുള്ളത്.
ചിത്രകല, ശില്പം, ഇല്ലസ്‌ട്രേഷൻ, പെർഫോമൻസ്, വീഡിയോ എന്നീ വിഭാഗങ്ങളിലാണ് കലയരങ്ങുകൾ.
കലാരംഗത്ത് ഗവേഷണം പൂർത്തിയാക്കിയ ഇദ്ദേഹം ഏഴുവർഷം പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കലാപ്രവർത്തനവുമായി ലോകരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നു.