നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം അധികൃതരുടെ അർപ്പണ മനോഭാവത്തിന്റെ നേർസാക്ഷ്യമാണ് ഇന്നലെ മുഖ്യമന്ത്രി നാടിന് സമർപ്പിച്ച ബിസിനസ് ജെറ്റ് ടെർമിനൽ. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായി രണ്ട് ടെർമിനലുകളുള്ള കൊച്ചി വിമാനത്താവളത്തിൽ മൂന്നാമതൊരു ടെർമിനൽകൂടി ആരംഭിച്ചതാണിത്. അതും രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ.
ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും യാത്രക്കാർക്കും പ്രത്യേകസേവനം നൽകുകയെന്നതാണ് സാധാരണയായി ബിസിനസ് ജെറ്റ് ടെർമിനലുകളിലൂടെ ലക്ഷ്യമിടുന്നത്. എന്നാലിവിടെ ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേയ്ക്കുകൂടി തുടക്കമാവുകയാണ്. ഇതോടെ രാജ്യത്തെ നാല് എലൈറ്റ് ക്ലബ് വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കൊച്ചി വിമാനത്താവളവും ഉയർന്നു. ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയം സാക്ഷാത്കരിക്കപ്പെടുന്നതോടെ ബിസിനസ് കോൺഫറൻസുകൾ, അനുബന്ധ വിനോദസഞ്ചാരം എന്നിവ ഏകോപിപ്പിക്കാനും കുറഞ്ഞ ചെലവിൽ ചാർട്ടർ വിമാനങ്ങളെ എത്തിക്കാനും സിയാലിന് കഴിയും.
40,000 ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ടെർമിനൽ ഒരുക്കിയത്. സ്വകാര്യ കാർ പാർക്കിംഗ്, ഡ്രൈവ് ഇൻ പോർച്ച്, വിശാലമായ ലോബി, അഞ്ച് ലോഞ്ചുകൾ, ചെക്ക്ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടിഫ്രീ ഷോപ്പ്, വിദേശനാണയ വിനിമയ കൗണ്ടർ തുടങ്ങിയവയും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. അതീവസുരക്ഷ ആവശ്യമുള്ള വി.ഐ.പികൾക്കായി 10,000 ചതുരശ്രയടി വിസ്തീർണത്തിൽ സേഫ് ഹൗസുമുണ്ട്. രണ്ടുമിനിറ്റുകൊണ്ട് കാറിൽനിന്ന് എയർക്രാഫ്റ്റ് ഡോറിലേക്ക് എത്തുവെന്നുമുള്ള പ്രത്യേകതയുമുണ്ട്.
വികസനത്തിനായുള്ള നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സ് 2023 ഒക്ടോബറിൽ കമ്മീഷൻ ചെയ്യും.മൂന്നാം ടെർമിനലിന് മുമ്പിൽ കൊമേഷ്യൽ സോൺ അടുത്തമാസം തുടങ്ങും. പഞ്ചനക്ഷത്ര ഹോട്ടൽ 2024 മാർച്ചിൽ പ്രവർത്തനമാരംഭിക്കും.
ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമാണ്. സംസ്ഥാനത്തെ വിമാനയാത്രക്കാരിൽ 65 ശതമാനവും സിയാൽ ഉപയോഗിക്കുന്നവരാണ്.