
മൂവാറ്റുപുഴ : മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ നവ അദ്ധ്യാപകർക്കായി ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ശില്പശാലയും ട്രൈ ഔട്ട് ക്ലാസും സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച്. എം .ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
പാഠ്യപദ്ധതി സമീപനം ചർച്ചയും മലയാള ഭാഷയിൽ കുട്ടികളികൾക്കുണ്ടായിട്ടുള്ള പഠന വിടവ് പരിഹരിക്കുന്നതിനുമായി വരയും കുറിയും ട്രൈ ഔട്ട് ക്ലാസിന് മലയാളത്തിളക്കം ഗവേഷകൻ ടി.ടി .പൗലോസ്, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ എന്നിവർ നേതൃത്വം നൽകി. ഇംഗ്ലീഷ് ഭാഷയും സമീപനവും എന്ന വിഷയത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും മുൻ സ്റ്റേറ്റ് ഇംഗ്ലീഷ് റിസോഴ്സ് അദ്ധ്യാപകനുമായ മാത്യു ചെറിയാൻ ക്ലാസിന് നേതൃത്വം നൽകി. മൂവാറ്റുപുഴ ഉപജില്ലയിൽ പുതുതായി ജോലിയിൽ പ്രവേശിച്ച നൂറോളം അദ്ധ്യായാപകർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ധ്യാപകരായ റസീന വി.എ, എം.എ ഹംസ,പി.എം നാദിറ, ജൗഹർ ഫരീദ് എന്നിവർ സംസാരിച്ചു.