പറവൂർ: ചവിട്ടിയുടെ അടിയിൽ വച്ചിരുന്ന താക്കോലെടുത്ത് വീടുതുറന്ന് അകത്തുകയറിയ മോഷ്ടാവ് പണവും സ്വർണവും കവർന്നു. മനക്കോടം വേലിക്കകത്ത് കൃഷ്ണകുമാറിന്റെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. 88,000 രൂപ, ഒരു പവന്റെയും രണ്ട് പവന്റെയും മാലകൾ, മോതിരം എന്നിവ നഷ്ടപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കൃഷ്ണകുമാർ വീടിനു പുറത്തുപോയതിന് ശേഷമാണ് മോഷണം. ഒന്നരയോടെ വീട്ടുജോലിക്കാരി എത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതായി കണ്ടു. അലമാരയിലെ സാധനങ്ങളും വലിച്ചുവാരി ഇട്ടിരുന്നു. ഇവർ കൃഷ്ണകുമാറിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ചെറായിയിലെ സ്കൂൾ അദ്ധ്യാപികയായ ഇവർ ഉടനെ വീട്ടിലെത്തി. പിന്നാലെ കൃഷ്ണകുമാറും വന്നു. ചിട്ടികിട്ടിയ പണമായിരുന്നു 88,000 രൂപയെന്ന് വീട്ടുകാർ പറഞ്ഞു. സ്വർണാഭരണങ്ങൾ വച്ചിരുന്ന അലമാരയിൽത്തന്നെ മറ്റൊരു ചെപ്പിൽ വച്ചിരുന്ന കമ്മലും മോതിരവും കൊണ്ടുപോയിട്ടില്ല. കൃഷ്ണകുമാറും ഭാര്യയും മകളുമാണ് വീട്ടിലുള്ളത്. എല്ലാവരും പുറത്തുപോകുമ്പോൾ താക്കോൽ ചവിട്ടിയുടെ അടിയിൽ വയ്ക്കുകയാണ് പതിവ്. ഇവിടെനിന്നാണ് മോഷ്ടാവ് താക്കോലെടുത്തത്. താക്കോൽ ഉപയോഗിച്ചാണ് അലമാരയും തുറന്നിട്ടുള്ളത്. പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.