medical

കൊച്ചി: ഇത്, എറണാകുളത്തെ ഏക സർക്കാർ മെഡിക്കൽ കോളേജ്. സ്ഥാപിതമായിട്ട് 22 വർഷം പിന്നിടുമ്പോഴും ഇല്ലായ്മകൾ മാത്രമായി പേരിനൊരു മെഡിക്കൽ കോളേജ്.

9 വർഷം മുമ്പാണ് സഹകരണമേഖലയിൽ നിന്ന് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ നാളിതുവരെ വികസനത്തിനായി കാര്യമായ പദ്ധതികളൊന്നും ആവിഷ്കരിച്ചില്ല. അടിയന്തര ചികിത്സ ആവശ്യമായി എത്തുന്ന രോഗികളെപോലും കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലേക്ക് റെഫർ ചെയ്യാനെ സാധിക്കൂ. സാധാരണ ജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.



 സൂപ്പർ സ്പെഷ്യാലിറ്റിയില്ല

മെഡിക്കൽ കോളേജായിട്ടും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്ല. കാർഡിയോളജി വിഭാഗം ഉണ്ടെങ്കിലും രാത്രിയിൽ ഹൃദയാഘാതവുമായി എത്തുന്നവർക്ക് അടിയന്തര ആൻജിയോഗ്രാം ടെസ്റ്റിനും ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്കും ഡോക്ടർ ഇല്ല. ബൈപാസ് സർജറിചെയ്യാൻ സർജനുമില്ല, സൗകര്യങ്ങളുമില്ല. എന്തിനധികം, ഏറ്റവുമധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന ജില്ലയിൽ തലച്ചോറിന് ക്ഷതം സംഭവിച്ച് എത്തുന്ന രോഗികളെ ചികിത്സിയ്ക്കാൻ ഒരുന്യൂറോ സർജൻ പോലുമില്ല. വൻകിട വ്യവസായ സ്ഥാപനങ്ങളുള്ള പട്ടണമായിട്ടും തീപൊള്ളൽ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങളില്ല. അത്യാവശ്യമായ ഉണ്ടായിരിക്കേണ്ട പ്ലാസ്റ്റിക് സർജൻമാരുമില്ല. ഗ്യാസ്ട്രോ മെഡിസിൻ, ഗ്യാസ്ട്രോ സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് സർജറി വിഭാഗങ്ങളിൽ പേരിനുപോലും ഡോക്ടരില്ല.

പി.ജി. കോഴ്‌സുകളുടെ അഭാവം
മെഡിക്കൽ കോളജുകളിൽ 24 മണിക്കൂർ രോഗീ പരിചരണത്തിൽ ഏറ്റവും പ്രധാനപങ്ക് വഹിക്കുന്നത് പി.ജി. വിദ്യാർത്ഥികളാണ്. എന്നാൽ ഇവിടെ സർജറി, ഗൈനക്കോളജി, ഓർതോപീഡിക്‌സ്, അനസ്തീഷ്യ എന്നീ അടിസ്ഥാന വിഭാഗങ്ങളിൽ പോലും പി.ജി. കോഴ്‌സുകളില്ല.

 നോക്കുകുത്തിയായി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞ് നീങ്ങുകയാണ്. ഈ കെട്ടിടം പൂർത്തിയാക്കി വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയാൽ വലിയ ആശ്വാസമാകും.

 ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ്

എയർപോർട്ടിനും 2 ദേശിയപാതകൾക്കും സമീപത്തെ മെഡിക്കൽ കോളേജ് എന്ന നിലയിൽ ആധുനിക സജ്ജീകരണങ്ങളുള്ള ഒരു ട്രോമാ കെയർ സെന്റർ എങ്കിലും ഇവിടെ അത്യാവശ്യമാണെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് നൽകിയ നിദേവനത്തിൽ ആവശ്യപ്പെട്ടു. കാമ്പസിൽ പ്രവർത്തിക്കുന്ന കാൻസർ സെന്ററിന്റെ പൂർത്തീകരണം ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതോടൊപ്പം അടുത്ത 10 വർഷങ്ങൾക്കുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ ഉൾക്കൊള്ളിച്ച് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും കൃഷ്ണയ്യർ മൂവ്മെന്റ് ആവശ്യപ്പെട്ടു.