നെടുമ്പാശേരി: ചെങ്ങമന ഗ്രാമപഞ്ചായത്തിലെ ദേശം- പുറയാർ നിവാസികൾ സർവീസ് റോഡ് ഇല്ലാത്തതിനാൽ ദുരിതത്തിൽ. പഞ്ചായത്തിലെ ആറ്, 13, 14, 15 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നൂറ് കണക്കിനാളുകളാണ് ദേശം കവലയിൽ നിന്ന് പുറയാർ റോഡിലേക്കെത്താൻ സഞ്ചാര സൗകര്യമില്ലാതെ വലയുന്നത്.

ഇരുചക്ര വാഹനങ്ങൾ മുതൽ ടോറസ് വരെ ദേശീയപാതയോരത്ത് കൂടി ട്രാഫിക് നിയമം ലംഘിച്ച് പുറയാർ പ്രദേശത്ത് വന്നുപോകുന്നത്. സ്ത്രീകൾ, കുട്ടികൾ, വയോധികർ അടക്കമുള്ള കാൽനടയാത്രക്കാരും നിത്യവും അപകട ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കുകയും നെടുമ്പാശേരി വിമാനത്താവളം യാഥാർഥ്യമാകുകയും വാഹനങ്ങളുടെ വരവും ട്രാഫിക് നിയമവും കർശനമാവുകയും ചെയ്തതോടെയാണ് സഞ്ചാര സംവിധാനം സങ്കീർണമായത്. കാലങ്ങളായി പുറയാർ നിവാസികൾ ദേശീയപാതയിൽ ദേശം കവല വഴിയാണ് യാത്ര ചെയ്തിരുന്നത്. ദേശം - കാലടി റോഡിൽ ഗതാഗതം മുടങ്ങിയാൽ റെയിൽവെ തുരങ്കങ്ങൾ വഴി പുറയാർ, ചൊവ്വര പുറയാർ ഗേറ്റ്, തുരുത്ത് ഭാഗങ്ങളിലെത്താനുള്ള എളുപ്പവഴിയുമാണിത്.

നിരവധി ബിസിനസ്, തൊഴിൽ, നഴ്‌സിംഗ് കോളജ് അടക്കമുള്ള സ്ഥാപനങ്ങൾ പുറയാർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നാല് വാർഡുകളിലെയും വിദ്യാർത്ഥികൾ അടക്കമുള്ള തദ്ദേശവാസികൾ ആശ്രയിക്കുന്നതും ദേശം പുതുവാംകുന്ന് പുറയാർ റോഡാണ്. പതിറ്റാണ്ട് മുമ്പ് ദേശീയപാതയുടെ കിഴക്കുവശത്ത് അപകടരഹിതമായും സുഗമമായും സഞ്ചരിക്കാൻ സാധിക്കുമായിരുന്നു. ദേശീയപാത വികസിച്ചതോടെ റോഡ് കയ്യേറി വഴിവാണിഭങ്ങളും തട്ടുകടകളും അനധികൃത വാഹന പാർക്കിംഗും വർദ്ധിച്ചു. അതോടെയാണ് പുറയാർ നിവാസികളുടെ യാത്ര ദുർഘടമായത്.

ട്രാഫിക് നിയമം കർശനമാക്കിതോടെ പുറയാർ നിവാസികൾ സഞ്ചാരത്തിന് മാർഗമില്ലാതെ ക്ലേശിക്കുകയാണ്. ഒരു ദേശീയപാതയുടെ കിഴക്കുവശത്ത് സർവീസ് റോഡ് നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് ദേശീയപാത അധികൃതർക്കും പഞ്ചായത്തിനും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിൽ കയ്യേറ്റങ്ങൾ ഒഴിവാക്കി സർവീസ് റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. നാട്ടുകാർ ഒപ്പിട്ട നിവേദനം അൻവർസാദത്ത് എം.എൽ.എയ്ക്കും ബെന്നി ബഹനാൻ എം.പിക്കും സമർപ്പിച്ചിട്ടുണ്ട്.