pipe

ആലുവ: ജനകീയ പ്രതിഷേധത്തെ തുടർന്ന് മാസങ്ങളായി നിറുത്തിവച്ചിരുന്ന കിൻഫ്ര കുടിവെള്ള പദ്ധതിക്കായി ഭൂഗർഭ പൈപ്പിടൽ പുന:രാരംഭിച്ചു. തുടർന്ന് വീണ്ടും പ്രതിഷേധം. കുഴിച്ച ഭാഗത്ത് മണ്ണിട്ട് മൂടുകയും പിന്നീട് കോൺക്രീറ്റ് ചെയ്ത് റോഡ് സാധാരണ നിലയിലുമാക്കി.

ഇന്നലെ രാവിലെ കൊച്ചിൻബാങ്ക് കവലയ്ക്ക് സമീപമായിരുന്നു പൈപ്പിടൽ പുന:രാരംഭിച്ചത്. തോട്ടുമുഖത്ത് നിന്ന് എടയപ്പുറം, അശോകപുരം കൊച്ചിൻ ബാങ്ക്, കൊടികുത്തുമല, കോമ്പാറ, മണലിമുക്ക് മെഡിക്കൽ കോളേജ് വഴി കാക്കനാട് കിൻഫ്രയിലേക്ക് വ്യവസായാവശ്യത്തിന് കുടിവെള്ളം എത്തിക്കുന്നതായിരുന്നു പദ്ധതി.

കഴിഞ്ഞ ഏപ്രിലിൽ തോട്ടുമുഖം എടയപ്പുറം റോഡിൽ നിന്ന് പൈപ്പിടൽ ആരംഭിച്ചു. മേയ് 30നകം എടയപ്പുറം ഭാഗത്തെ മൂന്ന് കിലോമീറ്റർ പൈപ്പിടൽ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. റോഡിന് നടുവിലൂടെ ഭീമൻ പൈപ്പ് സ്ഥാപിച്ച് തുടങ്ങിയതോടെയാണ് പദ്ധതിയുടെ ഭീകരത ജനങ്ങൾക്ക് ബോദ്ധ്യമായത്. ഇതോടെ നാട്ടുകാർ സംഘടിതമായി നിർമ്മാണം തടഞ്ഞു. പിന്നീട് പദ്ധതി കടന്നുപോകുന്ന എടയപ്പുറത്തും കോമ്പാറയിലും നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു രംഗത്തുവന്നു.

മന്ത്രി പി. രാജീവും ജില്ലാ കളക്ടറും ഇടപെട്ട് പലവട്ടം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നെങ്കിലും തീരുമാനമുണ്ടായില്ല. വാട്ടർ അതോറിട്ടിയുടെ ചുമതലയുള്ള മന്ത്രിയെ കൂടി പങ്കെടുപ്പിച്ച് വീണ്ടും യോഗം വിളിക്കാമെന്ന വാഗ്ദാനം നിലനിൽക്കെയാണ് ഇന്നലെ വീണ്ടും പൈപ്പിടൽ ആരംഭിച്ചത്. റോഡിന്റെ മദ്ധ്യഭാഗം പിളർത്തി പൈപ്പിടുന്നത് ഭാവിയിൽ 'പൈപ്പ് ലൈൻ' റോഡ് ആകുമോയെന്ന ആശങ്കയും പ്രതിഷേധത്തിന് വഴിയൊരുക്കി.

#കുഴിച്ച ഭാഗം

കോൺക്രീറ്റും ചെയ്യിച്ചു

പൈപ്പിടുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ചത് അൻവർ സാദത്ത് എം.എൽ.എ നേരിട്ടെത്തി തടയുകയും മണ്ണിട്ട് മൂടിയ ഭാഗം കോൺക്രീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. ചൂർണ്ണിക്കര പഞ്ചായത്ത് അംഗം സി.പി. നൗഷാദ്, ജനകീയ സമരസമിതി കൺവീനർ വി.കെ. അഷറഫ്, എ.എ. മാഹിൻ, സജീവ്, കുഞ്ഞ് മുഹമ്മദ്, നിസാർ മണലിമുക്ക്, ടി.എം. ബഷീർ, നസീർ കൊടികുത്തുമല, ഷിബു ചാലയിൽ, ഷിജാർ വെള്ളാഞ്ഞി, അഷറഫ് കൊടികുത്തുമല, സി.ഐ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

പദ്ധതി നടക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട ജനകീയ സമരത്തിന്റെ മുന്നിലുണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. കിൻഫ്രയിലേക്ക് പെരിയാറിൽ നിന്ന് വെള്ളം ഊറ്റിയാൽ കുടിവെള്ള ദൗർലഭ്യം ഉണ്ടാകുമെന്ന വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ അവഗണിക്കുകയാണ്. കടമ്പ്രയാർ ശുദ്ധീകരിച്ച് വെള്ളം എടുക്കണമെന്നും എം.എൽ.എ പറഞ്ഞു.