# കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും
തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രധാന പ്രതികളും മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളുമായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും ദുബായിലെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. നവംബർ 29ന് നെടുമ്പാശേരി വഴിയാണ് ഇവർ ദുബായിലേക്ക് കടന്നത്. ഇവിടെ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് മുങ്ങാനുള്ള സാദ്ധ്യതയും പൊലീസ് വിലയിരുത്തുന്നുണ്ട്.
കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിൻ വർഗീസിന്റെ സുഹൃത്തുമായ ഒളിവിലുള്ള ജേക്കബ് ഷിജോയെയും കഴിഞ്ഞ ദിവസം പ്രതിയാക്കിയിരുന്നു. ജില്ലയിലെ ന്യൂജൻ ബാങ്കുകളിൽ ഉൾപ്പെടെ എബിന് സഹായികളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
എബിൻ വർഗീസിന്റെയും ശ്രീരഞ്‌ജിനിയുടെയും ഇ-മെയിൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്ത ശേഷമാണ് ഇരുവരും മുങ്ങിയത്.
നിക്ഷേപകരുടെ പണം വിനിയോഗിച്ച് എബിൻ ജില്ലയിൽ സൂപ്പർ മാർക്കറ്റുകളും ആഡംബര ഫ്ലാറ്റും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ലോകരാജ്യങ്ങൾ ചുറ്റിക്കറങ്ങി ആഡംബര ജീവിതമാണ് ദമ്പതികൾ നയിച്ചത്.
# കമ്പനി രജിസ്ട്രാർ നാളെ റിപ്പോർട്ട് നൽകും
എബിൻ വർഗീസിന്റെയും ശ്രീരഞ്ജിനിയുടെയും ബന്ധുക്കളുടെയും പേരിൽ കമ്പനികൾ രജിസ്റ്റർ ചെയ്തതടക്കമുള്ള റിപ്പോർട്ട് നാളെ ഉച്ചയോടെ കമ്പനി രജിസ്ട്രാർ പൊലീസിന് കൈമാറും. ഓഹരിത്തട്ടിപ്പ് നടത്തി ലഭിച്ച പണം മറ്റേതെങ്കിലും കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് മുഖ്യമായും പരിശോധിക്കുന്നത്.