കൊച്ചി: എഴുത്തുകാർ ജീവിക്കുന്നത് പുസ്തകങ്ങളിലൂടെയാണെന്നും പുസ്തകോത്സവങ്ങൾ നിലനിന്നേപറ്റൂവെന്നും ഹിന്ദി എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ ഗോവിന്ദ് മിശ്ര പറഞ്ഞു. ഇരുപത്തഞ്ചാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ മൈതാനത്ത് തിരിതെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്ഘാടനത്തിന് മുന്നോടിയായി 25-ാം വർഷത്തെ പ്രതിനിധീകരിച്ച് പ്രൊഫ.എം.കെ.സാനു അടക്കമുള്ള 25 ഗുരുക്കന്മാർ 25 ചെരാതുകളിലേക്ക് ദീപം പകർന്നു. പ്രൊഫ.എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ഡോ.ടി.പി. ശ്രീനിവാസൻ എന്നിവർ മുഖ്യാതിഥികളായി. യഥാർത്ഥ അറിവിനെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് വിജ്ഞാനമെന്നും അതിന് സഹായകരമാകുന്നതാണ് പുസ്തകോത്സവങ്ങളെന്നും എം.കെ. സാനു പറഞ്ഞു.
മേയർ അഡ്വ. എം. അനിൽകുമാർ, അഡ്വ.എം. ശശിശങ്കർ, ലിജി ഭരത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗോവിന്ദ് മിശ്രയുമായി സംവാദം, ഡോ.ടി.പി. ശ്രീനിവാസന്റെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചർച്ചയും വിവിധ കലാപരിപാടികളും നടന്നു. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തകവിതരണത്തിന്റെ ഭാഗമായി ആദ്യ ദിനമായ ഇന്നലെ കലൂർ സെന്റ്. അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി.
*പുസ്തകോത്സവ വേദിയിൽ ഇന്ന്
രാവിലെ 11ന് ലീലാ മേനോൻ മീഡിയ അവാർഡുദാന ചടങ്ങ്,
12.30ന് വേണു രാജാമണിയുമായി സംവാദം. വൈകിട്ട് 3ന് എം.എൽ.എമാരുമായി സംവാദം. 4ന് അവധാരണം- 2022 ചാനൽ ചർച്ചയിൽ വരുന്ന അവതാരകരുമായി ചർച്ച. 5ന് ലോക്‌നാഥ് ബെഹറമായി സംവാദം. തുടർന്ന് വിവിധ കലാപരിപാടികൾ.