കൊച്ചി: എസ്.എൻ.ഡി.പി യോഗം എളമക്കര ശാഖയുടെ പ്ളാറ്റിനം ജൂബിലി ആഘോഷവും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും മന്ദിര സമർപ്പണവും ഇന്ന് നടക്കും.
എട്ടുകാട്ട് ഭഗവതി ക്ഷേത്രം തന്ത്രി ലാലൻ തന്ത്രിയുടെയും മേൽശാന്തി അജിത് ശാന്തിയുടെയും കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രാവിലെ 10ന് പ്രതിഷ്ഠാകർമ്മം നിർവഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. ശില്പി രാജു തൃക്കാക്കരയെയും മണ്ഡപ ശില്പി രതീഷ് ചന്ദ്രൻ കോലഞ്ചേരിയെയും ഗുരുദേവ വിഗ്രഹവും മണ്ഡപവും സമർപ്പിച്ച എൻ.സോമനെയും പ്രീത സോമനെയും ചടങ്ങിൽ ആദരിക്കും. ശാഖാ പ്രസിഡന്റ് എൻ. സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.പി.സന്തോഷ് നന്ദിയും പറയും.
വൈകിട്ട് അഞ്ചിന് ചേരുന്ന ചടങ്ങിൽ പ്ലാറ്റിനം ജൂബിലി ആഘോഷം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്രിസ് മേരി ജോസഫ്, മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് എൻ. സോമൻ സ്വാഗതവും സെക്രട്ടറി എ.കെ.രതീഷ് നന്ദിയും പറയും.