കൊച്ചി: ശിവഗിരി തീർത്ഥാടന നവതിയാഘോഷം മദ്ധ്യമേഖലാ സമ്മേളനവും ബ്രഹ്മവിദ്യാലയ കനകജൂബിലിയും ശ്രീനാരായണഗുരുവും രവീന്ദ്രനാഥ ടാഗോറുമായുള്ള കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളും ഇന്ന് ഉച്ചക്ക് 2.30ന് എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ നടക്കും. മന്ത്രി പി. പ്രസാദ് പൊതുസമ്മേളനവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തീർത്ഥാടന നവതി, ബ്രഹ്മവിദ്യാലയ കനകജൂബിലിയാഘോഷങ്ങളും ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.കെ. സാനു, ഡോ. സുരാജ് ബാബു, ഡോ. ഗീത സുരാജ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവ‌ർ അനുഗ്രഹ പ്രഭാഷണം നടത്തും. മേയർ അഡ്വ.എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ് എന്നിവർ മുഖ്യാതിഥികളാകും. കാലടി സംസ്കൃത സർവകലാശാല മുൻ വി.സി ഡോ. കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ (തീർത്ഥാടന നവതി), ഗുരുധർമ്മ പ്രചാരണസഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി ഗുരുപ്രകാശം (ബ്രഹ്മവിദ്യാലയ കനകജൂബിലി), ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ (ഗുരുദേവൻ- ടാഗോർ സംഗമം) എന്നിവർ പ്രഭാഷണം നടത്തും. വി.കെ. മുഹമ്മദ്, കെ.ആർ. ശശിധരൻ, അഡ്വ.പി.എം. മധു എന്നിവർ പ്രസംഗിക്കും. സ്വാഗതസംഘം ചെയർമാൻ പി.എസ്. ബാബുറാം സ്വാഗതവും ജനറൽ കൺവീനർ എൻ.കെ. ബൈജു നന്ദിയും പറയും.