കൊച്ചി: സ്വകാര്യ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി യുവാക്കളെ കൊള്ളയടിക്കുകയും ഒരാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. കലൂർ ഫ്രീഡംറോഡ് ചിറ്റേപ്പറമ്പ് വീട്ടിൽ ഹാരീസ് (33), കളമശേരി തേറോത്ത് വീട്ടിൽ പ്രസന്നൻ (ബോംബ് പ്രസന്നൻ- 45), കളമശേരി വേട്ടപ്പറമ്പിൽ ജോസ് (അമ്മിണി ജോസ് -34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ പാലാരിവട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ പ്രതികൾ അതിക്രമിച്ച് കയറി അക്രമവും കൊള്ളയും നടത്തിയത്. സ്വർണാഭാരണങ്ങൾ അടക്കം ഒരുലക്ഷംരൂപയുടെ സാധനങ്ങൾ ഇവർ തട്ടിയെടുത്തശേഷം ഒരാളെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ സിറ്റി സൗത്ത് അസി. പൊലീസ് കമ്മീഷണർ പി. രാജ്കുമാർ, പാലാരിവട്ടം എസ്.എച്ച്.ഒ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്. പ്രതികളെപിടികൂടാൻ സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശശിധരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.