
കൊച്ചി: ഇന്ധന പ്രതിസന്ധിമൂലം കയറ്റിയിട്ടിരിക്കുന്ന കൊച്ചി സിറ്റി പൊലീസിന്റെ ജീപ്പുകൾ ഈയടുത്തൊന്നും ഓടുന്ന ലക്ഷണമില്ല. 35 ലക്ഷം രൂപ ചോദിച്ചിട്ടും താത്കാലികമായി അനുവദിച്ച എട്ട് ലക്ഷം രൂപയുമായി മഞ്ഞുരുക്കത്തിന് പൊലീസ് ശ്രമിച്ചെങ്കിലും, 'കുടിശിക പ്രശ്നത്തിൽ' പമ്പുടമകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. കുറഞ്ഞത് 35ലക്ഷം രൂപയെങ്കിലും നൽകിയാൽ മാത്രമേ ഇന്ധനം നൽകുകയുള്ളൂവെന്നാണ് പമ്പുടമകളുടെ നിലപാട്. 55ലക്ഷം രൂപയാണ് കൊച്ചി സിറ്റി പൊലീസിന്റെ ഇന്ധന കുടിശിക.
പ്രതിമാസം 200 ലിറ്രർ ഡീസലാണ് ഒരു ജീപ്പിന് വേണ്ടത്. കട്ടപ്പുറത്തിരിക്കുന്ന വാഹനങ്ങളെല്ലാം നിരത്തിലിറങ്ങാൻ ചുരുങ്ങിയത് അഞ്ച് ലക്ഷത്തോളം രൂപ വേണം. എട്ട് ലക്ഷം നൽകി രണ്ട് മാസമെങ്കിലും വാഹനങ്ങൾ നിരത്തിലിറക്കാമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രിയടക്കമുള്ള വി.വി.ഐ.പികളുടെ കൊച്ചി സന്ദർശനത്തിൽ നട്ടംതിരിഞ്ഞ പൊലീസ്, പുറത്തെ പമ്പുകളിൽ പ്രത്യേകം തരപ്പെടുത്തിയ പണം നൽകി ഇന്ധനം നിറച്ചാണ് ഒരുവിധം എക്സോർട്ടുൾപ്പടെ പോയത്. അതാത് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനമാനിച്ചാണ് പല പമ്പുകളും ഇപ്പോൾ ഇന്ധനം നൽകുന്നത്.
26 ജീപ്പുകൾ
ഇന്ധനകുടിശിക മൂലം അംഗീകൃത പമ്പുകളൊന്നും ഡീസൽ നൽകാത്തതിനാൽ 26ലധികം ജീപ്പുകളാണ് ജില്ലാ ക്യാമ്പ് ഓഫീസിൽ കയറ്റിയിട്ടിരിക്കുന്നത്. ഇതിൽ കൺട്രോൾ റൂമിന്റെ വാഹനവും സ്റ്റേഷനുകളുടെ ജീപ്പുകളുമുണ്ട്. എം.ജി റോഡിലേതടക്കം മൂന്നു പെട്രോൾ പമ്പുകളിൽ നിന്നാണ് ഡീസൽ നിറച്ചിരുന്നത്. കടം വീട്ടാതെ ഇന്ധനം നൽകില്ലെന്ന് ഇവർ തീർത്തുപറഞ്ഞതോടെയാണ് പൊലീസ് വെട്ടിലായത്.
കളക്ടറുടെ നിർദ്ദേശം നടക്കുമോ
ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പരിശോധനകളും ശക്തമാക്കാനാണ് കളക്ടറുടെ കർശന നിർദ്ദേശം. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും പശ്ചാത്തലത്തിൽ, നാർകോട്ടിക്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ വച്ചാണ് കളക്ടർ ഡോ. രേണുരാജ് പൊലീസിനും എക്സൈസും നിർദ്ദേശം നൽകിയത്. എന്നാൽ ഇന്ധന പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കൊച്ചി സിറ്രി പൊലീസ് കളക്ടറുടെ നിർദ്ദേശം പാലിക്കാനാവുന്നില്ല. രാത്രികാല പട്രോളിംഗ് വരെ വെട്ടിക്കുറച്ചിരിക്കുകയാണ്.