ആലുവ: ഒരു വർഷം നീണ്ടുനിന്ന ആലുവ നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മുനിസിപ്പൽ ടൗൺഹാളിലാണ് സമ്മേളനം. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബെഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളാകും. ആലുവ സ്വദേശികളും ചലച്ചിത്ര താരങ്ങളുമായ അമല പോൾ, നിവിൻപോളി, ബാബുരാജ്, സിജു വിൽസൺ, അന്ന രാജൻ എന്നിവരെ ആദരിക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭാ വൈസ് ചെയർമാൻ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, മിനി ബൈജു, എം.പി. സൈമൺ, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, പ്രതിപക്ഷ നേതാവ് ഗെയിൽസ് ദേവസി, സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവർ സംസാരിക്കും. തുടർന്ന് കൊച്ചിൻ കലാഭവന്റെ ഗാനസന്ധ്യ. 2021 ഡിസംബർ 30നാണ് ശതാബ്ദി ആഘോഷം ആരംഭിച്ചത്. തുടർന്ന് ചെറുതും വലുതുമായ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. 10 നിർദ്ധനർക്ക് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. നാല് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. മൂന്ന് എണ്ണത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മൂന്ന് എണ്ണം കൂടി നിർമ്മിച്ച് നൽകും. മരതകത്തോപ്പ് പദ്ധതിയും തുടരാനാണ് സംഘാടക സമിതിയുടെ തീരുമാനം.