 15.5 ലക്ഷം രൂപയുടെ സൗജന്യ മരുന്ന്

25 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ
1,261 പേർക്ക് തുടർ ചികിത്സ

കൊച്ചി: ഹൈബി ഈഡൻ എം.പി സംഘടിപ്പിച്ച സൗഖ്യം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ 7,426 പേർ ചികിത്സ തേടിയെത്തി. നേത്രരോഗ വിഭാഗത്തിലായിരുന്നു 2650 പേരും. 1026 പേർ ഹൃദ്രോഗത്തിനും ചികിത്സ തേടി. 360 വിദഗ്ദ്ധ ഡോക്ടർമാരും നാനൂറോളം നഴ്‌സിംഗ്, പാര മെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു.

ഡോ. വി.പി ഗംഗാധരൻ, ഡോ.ജി.എൻ രമേശ്, ഡോ. പദ്മനാഭ ഷേണായ് തുടങ്ങിയ മുതിർന്ന ഡോക്ടർമാരും ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.

നേത്രരോഗികൾക്ക് കണ്ണട സൗജന്യമായി നൽകും. തിമിര ശസ്ത്രക്രിയയും സൗജന്യമായി ചെയ്തു കൊടുക്കും. 112 പേർക്ക് ഇ.സി.ജി, 30 പേർക്ക് എക്കോ കാർഡിയോഗ്രാം എന്നിവ സൗജന്യമായി ലഭ്യമാക്കി.
18 വയസിൽ താഴെയുള്ള കുട്ടികൾക്ക് വിവിധ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു കൊടുക്കുമെന്ന് ഹൈബി ഈഡൻ അറിയിച്ചു.

5 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി ഹൈപ്പർ ആക്ടിവിറ്റി ക്ലിനിക്കും സജ്ജമാക്കിയിരുന്നു. മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ച് ക്യാമ്പിൽ പങ്കെടുത്ത 500 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യാൻ തീരുമാനിച്ചതായും ഹൈബി ഈഡൻ പറഞ്ഞു.
രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഉദ്‌ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഉമാ തോമസ്, ബി.പി.സി.എൽ .എക്സിക്യുട്ടീവ് ഡയറക്ടർ കെ. അജിത്കുമാർ, സി.എസ്.ആർ. മേധാവി വിനീത്, കൊച്ചിൻ ഷിപ്‌യാർഡ് സി.എസ്.ആർ. മേധാവി സമ്പത് കുമാർ, ഐ.എം.എ. കൊച്ചി ശാഖാ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത് തുടങ്ങിയവർ പങ്കെടുത്തു. മേയർ എം. അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.