പെരുമ്പാവൂർ: മലയോര ഹൈവേ പദ്ധതിയുടെ അതിർത്തി നിർണയിച്ച് സർവേ കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ ജനുവരിയിൽ പൂർത്തിയാക്കും. കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യം മുതൽ ചെട്ടിനട വരെയുള്ള 1.85 കിലോമീറ്റർ ഭാഗമാണ് പൂർത്തീകരിക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദേശിച്ചു.

പദ്ധതി സംബന്ധിച്ച ചർച്ചയ്ക്കായി എം.എൽ.എ വിളിച്ചയോഗത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥല ഉടമകളും സംബന്ധിച്ചു.

തൃശൂർ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം ജംഗ്ഷനിൽ നിന്നാരംഭിച്ച് പട്ടിക്കാട്, വിലങ്ങന്നൂർ, മരോട്ടിച്ചാൽ, വെള്ളികുളങ്ങര, രണ്ടുകൈ, ചായിപ്പൻകുഴി അരൂർമുഴി, അതിരപ്പിള്ളി, മഞ്ഞപ്ര, മലയാറ്റൂർ, കാടപ്പാറ, ഇല്ലിത്തോട്, അഭയാരണ്യം, ചെട്ടിനട, ചേറങ്ങനാൽ പ്രദേശങ്ങളിലൂടെയാണ് ഹിൽ ഹൈവേ കടന്നുപോകുക.

 ജനുവരി ഏഴിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കി കല്ലുകൾ സ്ഥാപിക്കും.

 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമ്മാണം.

റോഡിന്റെ ഇരുവശങ്ങളിലും ഒന്നരമീറ്റർ നടപ്പാത നിർമ്മിക്കും.

 പട്ടിക്കാട് മുതൽ ചെട്ടിനട വരെ റോഡിന് 32 കിലോമീറ്റർ ആണ് ദൈർഘ്യം.

 പെരിയാറിന് കുറുകെ ഒരുപാലം കൂടി നിർമ്മിക്കാൻ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.