കോലഞ്ചേരി: പട്ടിമറ്റം കോലഞ്ചേരി റോഡിൽ കാരമോളപ്പീടിക ജംഗ്ഷനിലെ വൈദ്യുത പോസ്റ്റ് തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നു. ഈ വർഷം നാലാം തവണയും വൈദ്യുത പോസ്റ്റ് മാറ്റിയിടേണ്ടിവന്നു. വാഹനങ്ങൾ വൈദ്യുതി പോസ്റ്റിലിടിക്കുന്നതാണ് മാറ്റിയിടലിന് കാരണം. ഇതുമൂലം വൈദ്യുതി തടസപ്പെടുന്നതും പതിവാകുകയാണ്.
ക്ഷീരോത്പാദക സംഘത്തിന് മുന്നിലെ പോസ്റ്റാണ് അപകടം വരുത്തിവയ്ക്കുന്നത്. റോഡിന്റെ തെക്കുഭാഗത്തുള്ള പോസ്റ്റിൽ ഇരുദിശകളിൽ നിന്നു വരുന്ന വാഹനങ്ങളും ഇടിക്കാറുണ്ട്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇവിടെയുള്ള വളവിൽ നിയന്ത്രണം വിടുന്നത് പതിവാണ്. വാഹനം ഇടിക്കുന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെടും. രാത്രി അപകടമുണ്ടായാൽ പിറ്റേന്ന് ഉച്ചയോടെ മാത്രമേ പോസ്റ്റ് മാറ്റി സ്ഥാപിക്കുകയുള്ളൂ. ഈ സമയത്ത് വൈദ്യുതിയില്ലാതെ മണിക്കൂറുകൾ തള്ളി നീക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഈ സാഹചര്യത്തിൽ പോസ്റ്റിന്റെ സ്ഥാനം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.