കൊച്ചി: രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് ശ്രീനാരായണഗുരു നൽകിയ സായാഹ്ന ഗീതോപദേശമാണ് ശിവഗിരി തീർത്ഥാടനമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരി തീർത്ഥാടന നവതിയാഘോഷത്തിന്റെ മദ്ധ്യമേഖലാ സമ്മേളനം, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷം, ശ്രീനാരായണഗുരുവും രവീന്ദ്രനാഥ ടാഗോറുമായുള്ള കൂടിക്കാഴ്ചയുടെ ശതാബ്ദി എന്നീ പരിപാടികളുടെ ഉദ്ഘാടന ചടങ്ങുകളിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്ധ്യാത്മിക ഗുരുവായും പരമഹംസദേവനായും വിരാജിച്ച ശ്രീനാരായണഗുരു മഹാനായ രാഷ്ട്രമീമാംസകനുമായിരുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്രം എന്നീ അഷ്ടാംഗലക്ഷ്യമാണ് തീർത്ഥാടന വിഷയമായി ഗുരുദേവൻ ഉപദേശിച്ചത്. വ്യക്തിയുടെയും സമുദായത്തിന്റെയും രാജ്യത്തിന്റെയും സമഗ്രപുരോഗതിക്ക് ആവശ്യമായതെല്ലാം ഈ എട്ട് വിഷയങ്ങളിൽ അടങ്ങിയിട്ടുണ്ട്. തീർത്ഥാടനകാലത്ത് ഈ അഷ്ടവിഷയങ്ങളിൽ സമ്മേളന പരമ്പരകളും പഠനക്ലാസും നടത്തണമെന്നും ഗുരു ഉപദേശിച്ചിരുന്നു.
കഴിഞ്ഞ 90 വർഷമായി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്നുവരുന്ന സമ്മേളനങ്ങൾ ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു തീർത്ഥാടന സമ്മേളനത്തിൽ ഉയർന്നുവരുന്ന ആശയങ്ങളുടെ അലയൊലികൾ അടുത്ത തീർത്ഥാടനകാലം വരെ നീണ്ടുനിൽക്കുമായിരുന്നു. അത് കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ലെന്നും സ്വാമി പറഞ്ഞു.
പ്രൊഫ. എം.കെ. സാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രൊഫ.എം.കെ. സാനു, ഡോ. സുരാജ് ബാബു, ഡോ. ഗീത സുരാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, വി.കെ. മുഹമ്മദ്, കെ.ആർ. ശശിധരൻ, അഡ്വ. പി.എം. മധു എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ പി.എസ്. ബാബുറാം സ്വാഗതവും ജനറൽ കൺവീനർ എൻ.കെ. ബൈജു നന്ദിയും പറഞ്ഞു.