പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ കിസാൻ സഭാ കാർഡ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജൻസി നടത്തിയ പണപ്പിരിവും നടപടികളും വിവാദത്തിലേക്ക്. സി.പി.എമ്മും ബി.ജെ.പിയും പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കർഷകരിൽ നിന്ന് കിസാൻ സഭ കാർഡ് രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ ഏജൻസിക്ക് അനധികൃതമായി പണം തട്ടിയെടുക്കാൻ സൗകര്യം ചെയ്തു കൊടുത്തെന്നാരോപിച്ചാണ് പ്രതിഷേധം.

സി.പി.എം കൂവപ്പടി, കോടനാട് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾകരീം ഉദ്ഘാടനം ചെയ്തു. കൂവപ്പടി ലോക്കൽ സെക്രട്ടറി പി.സി.ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടനാട് ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽകുമാർ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ശിവൻ, കോനട് ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടകുടി, സരിത് എസ്. രാജ്, കെ.പി. അശോകൻ, കെ. പ്രസാദ് എന്നിവർ സംസാരിച്ചു.

ബി.ജെ.പി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്.സത്യൻ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ, അജി തുരുത്തി, പി.എം. സുനിൽകുമാർ, അജിത്ത് എന്നിവർ സംസാരിച്ചു.


കഴിഞ്ഞ ദിവസമാണ് കേന്ദ്ര പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൃഷി ഓഫീസിന്റേയും കൂവപ്പടി പഞ്ചായത്തിന്റേയും അനുമതിയോടെ നാലു പേർ കർഷകരുടെ ആധാർ കാർഡുകളും ഭൂരേഖകളും വാങ്ങുകയും ഫീസായി 130 രൂപ വീതം കൈ പ്പറ്റുകയും ചെയ്തത്. അതേസമയം, കിസാൻ സഭ കാർഡ് വിതരണം ചെയ്തത് പഞ്ചായത്തല്ലെന്ന് പ്രസിഡന്റ് മിനി ബാബു പറഞ്ഞു.