കൊച്ചി: ലോകമെമ്പാടു നിന്നുമുള്ള കലാപ്രതിഭകൾ സംഗമിക്കുന്ന അഞ്ചാമത് കൊച്ചി - മുസിരിസ് ബിനാലെ ഫോർട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തിൽ എറണാകുളം, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിവിധ വേദികളിൽ ഏപ്രിൽ പത്തുവരെയാണ് കലയുടെ വസന്തകാലം.
ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.ജെ. വിനോദ്, ബിനാലെ ഫൗണ്ടേഷൻ രക്ഷാധികാരി എം.എ. യൂസഫലി, മുൻമന്ത്രി എം.എ. ബേബി എന്നിവർ പങ്കെടുക്കും.
വിദേശരാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. പത്തു മലയാളികളടക്കം 33 ഇന്ത്യൻ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഇൻസ്റ്റലേഷനുകൾ, പെയിന്റിംഗുകൾ, ശില്പങ്ങൾ, ഡിജിറ്റൽ കലാരൂപങ്ങൾ എന്നിവയുണ്ടാകും.
കൊവിഡിന് ശേഷം രണ്ട് വർഷം വൈകിയാണ് ബിനാലേ അരങ്ങേറുന്നത്. പത്തുലക്ഷത്തിലേറെ പേർ കാണാനെത്തുമെന്നാണ് പ്രതീക്ഷ.
ടിക്കറ്റ് നിരക്ക്
ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനു പുറമെ, ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. 150 രൂപയാണ് നിരക്ക്. വിദ്യാർത്ഥികൾക്ക് 50, മുതിർന്ന പൗരൻമാർക്ക് 100 എന്നിങ്ങനെയും. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപ, പ്രതിമാസ നിരക്ക് 4000.
വേദികൾ
എറണാകുളം: ദർബാർ ഹാൾ ആർട്ട് ഗാലറി.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി: ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട്കഫെ, കാശി ടൗൺ ഹൗസ്, ഡച്ച് വെയർഹൗസ്, കബ്രാൽ യാർഡ്, ആനന്ദ് വെയർഹൗസ്, വെൽക്കം ഹെറിറ്റേജ് അസോറ, അർമാൻ ബിൽഡിംഗ്, വി.കെ.എൽ വെയർഹൗസ്, മോച്ച ആർട്ട് കഫെ, കെ.വി.എൻ. ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ്, ടി.കെ.എം. വെയർഹൗസ്.