കൊച്ചി: കൊച്ചി കോർപ്പറേഷൻ പുതുവർഷത്തിൽ ശ്രീനാരായണ ഗുരുദേവ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുമെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം എളമക്കര ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
കോർപ്പറേഷൻ നേരത്തേ പ്രഖ്യാപിച്ച പദ്ധതിയാണിത്. കൊവിഡ് മൂലം വൈകിയതാണ്. ജനുവരിയിൽ തന്നെ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുരുദേവന്റെ ഉൾക്കാഴ്ച സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളാണ് നമ്മുടെ പുരോഗതിയുടെ അടിസ്ഥാനം. കേരളസമൂഹത്തിലെ ഏറ്റവും മാന്യമായ സാമൂഹ്യപ്രവർത്തനം നടത്തുന്ന സംഘടനകളിൽ മുന്നിൽ നിൽക്കുന്നത് എസ്.എൻ.ഡി.പി യോഗമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവുമധികം പിന്തുണയും പ്രചോദനവുമേകിയിട്ടുള്ളത് യോഗവും അതിന്റെ പ്രവർത്തകരുമാണെന്ന് മേയർ പറഞ്ഞു.
അന്യദേശങ്ങളിൽ ചെല്ലുമ്പോൾ ഗുരുദേവന്റെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് അറിയുമ്പോൾ ലഭിക്കുന്ന ബഹുമാനവും അംഗീകാരവും അഭിമാനകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹൈബി ഈഡൻ എം.പി. പറഞ്ഞു. ശാഖയിലെ മുതിർന്ന അംഗങ്ങളെ ഹൈബി ഈഡൻ ആദരിച്ചു.
യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. തുള്ളൽ കലാകാരൻ കലാമണ്ഡലം പ്രഭാകരനെ ടി.ജെ.വിനോദ് എം.എൽ.എ ആദരിച്ചു. 75 പേരുടെ ദൈവദശകം ആലാപനത്തിന് ഗായകൻ കെ.എം.ഉദയൻ നേതൃത്വം നൽകി.
അഷറഫ് സഖാഫി, ഫാ.മാർട്ടിൻ അഴിക്കകത്ത്, ടി.ടി.അജിത്ത്, കെ.എം.ഉദയൻ, കൗൺസിലർമാരായ സി.എ.ഷക്കീർ, സജിനി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് എൻ. സോമൻ സ്വാഗതവും സെക്രട്ടറി എ.കെ.രതീഷ് നന്ദിയും പറഞ്ഞു.
ഭക്തിലഹരിയിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ
എസ്.എൻ.ഡി.പി യോഗം എളമക്കര ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും മന്ദിര സമർപ്പണവും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. രാവിലെ നടന്ന ചടങ്ങിൽ എട്ടുകാട്ട് ഭഗവതി ക്ഷേത്രം തന്ത്രി ലാലൻ തന്ത്രിയും മേൽശാന്തി അജിത് ശാന്തിയും കാർമ്മികത്വം വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
ഗുരുദേവ വിഗ്രഹവും മണ്ഡപവും സമർപ്പിച്ച എൻ.സോമനെയും പ്രീത സോമനെയും ശില്പി രാജു തൃക്കാക്കരയെയും മണ്ഡപ ശില്പി രതീഷ് ചന്ദ്രൻ കോലഞ്ചേരിയെയും ചടങ്ങിൽ ആദരിച്ചു.
ശാഖാ പ്രസിഡന്റ് എൻ. സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.പി.സന്തോഷ് നന്ദിയും പറഞ്ഞു.