
കൊച്ചി: ഫോർട്ടുകൊച്ചി - മട്ടാഞ്ചേരി - എറണാകുളം റൂട്ടിൽ ക്രിസ്മസ്, ബിനാലെ, പുതുവത്സരാഘോഷക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ ബോട്ട് സർവീസ് ആരംഭിക്കണമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ മേഖലയിൽ 2018 ന് മുമ്പുണ്ടായിരുന്ന ബോട്ട് സർവീസുകൾ പുന:രാരംഭിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് എം.എം. അബ്ബാസ്, സെക്രട്ടറി എസ്. പത്മനാഭ മല്യ എന്നിവർ അറിയിച്ചു. മുമ്പ് 6 ബോട്ടുകൾ 61 ട്രിപ്പുകൾ നടത്തിയിരുന്ന സ്ഥലത്ത് ഇപ്പോഴുള്ളത് 34 ട്രിപ്പുകൾ മാത്രമാണ്. ജലഗതാഗത വകുപ്പിന്റെ കടുത്ത അവഗണനയാണ് ഇതിന് കാരണം.