കൊച്ചി: ശബരിമലയിൽ ഭക്തർ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ ആവശ്യപ്പെട്ടു.
കുട്ടികളും വൃദ്ധരും അടക്കമുള്ള ഭക്തജനങ്ങൾ 12 മണിക്കൂറിലധികമാണ് ദർശനത്തിനായി കാത്തുനിൽക്കേണ്ടി വരുന്നത്. സ്ത്രീകളടക്കമുള്ളവർ പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ട്. ഭക്തജനങ്ങളുടെ വരവ് അനുസരിച്ച് ബുക്കിംഗ് നിയന്ത്രിക്കാനും ആവശ്യമായ ദർശനസൗകര്യവും പ്രാഥമിക സൗകര്യങ്ങളും ഒരുക്കാനും സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണം. നിലയ്ക്കലിൽ നിന്ന് ബസിൽ കയറാനും വെർച്വൽ ക്യൂ പരിശോധനക്കും ദർശനത്തിനും മണിക്കൂറുകൾ കാത്തു നിൽക്കേണ്ടിവരുന്നത് ഭക്തർക്ക് ദുരിതമാണ്. ഇക്കാര്യങ്ങൾ ദേവസ്വം ബോർഡ് ഹൈക്കോടതിയിലെ ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.