
കൊച്ചി:ശശി തരൂർ എം.പിയുടെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്നും, വെറുതെ
വിമർശിച്ച് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കരുതെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ
ധാരണ.തരൂർ നടത്തുന്ന പര്യടനങ്ങളോട് തുടക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഉൾപ്പെടെ നിഷേധ നിലപാട് സ്വീകരിച്ചതാണ് അദ്ദേഹത്തിന് ഏറെ പ്രചാരവും ,സ്വാധീനവും നേടിക്കൊടുത്തതെന്ന വിമർശങ്ങളും ഉയർന്നതോടെ,സംസ്ഥാന കോൺഗ്രസിൽ തരൂർ കൂടുതൽ കരുത്തനായി.
തരൂരിന്റെ കേരള പര്യടന പരിപാടിക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നത്
പാർട്ടിയിലും പുറത്തും വലിയ ചർച്ചകൾക്ക് വഴി വയ്ക്കുകയും, പാർട്ടിയിലെ യുവ നേതാക്കളും അനുഭാവികളും ഉൾപ്പെടെ തരൂരിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ്, ഇന്നലെ എറണാകുളം ഡി.സി.സി ഓഫീസിൽ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഈ നിലപാടിലെത്തിയത്. പ്രമുഖ നേതാക്കളെല്ലാം തരൂരിന് പിന്തുണച്ച് സംസാരിച്ചു.തരൂരിനെതിരായ നീക്കങ്ങൾ പാർട്ടിയെ ക്ഷീണിപ്പിക്കുമെന്ന് വിമർശനമുണ്ടായെങ്കിലും അദ്ദേഹത്തിന്റെ സ്വീകാര്യത കണ്ടില്ലെന്ന്
നടിക്കാനാവില്ലെന്ന് അഭിപ്രായമുയർന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുൾപ്പെടെ പരോക്ഷമായി രംഗത്തു വന്നത് തരൂരിന് പിന്തുണ വർദ്ധിപ്പിച്ചെന്ന് കെ. മുരളീധരൻ പറഞ്ഞു. രാഷ്ട്രീയേതരമായി തരൂരിനുള്ള സ്വീകാര്യതയും അംഗീകാരവും കാണാതെ പോകരുതെന്നും വിലയിരുത്തലുണ്ടായി.
കെ.പി.സി.സി. പ്രസിഡന്റും, പ്രതിപക്ഷ നേതാവും ഈ വിഷയം ലഘൂകരിക്കാനാണ് യോഗത്തിൽ ശ്രമിച്ചത്. അഞ്ചു മാസങ്ങൾക്ക് ശേഷം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഏറെ നേരം തരൂർ പ്രശ്നമായിരുന്നു ചർച്ച. പിന്നീട് വാർത്താ സമ്മേളനത്തിൽ, തരൂരിനെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ്
കെ.സുധാകൻ സ്വീകരിച്ചത്. ജില്ലാ നേതൃത്വത്തെ അറിയിച്ചു വേണം തരൂർ പരിപാടികളിൽ പങ്കെടുക്കാനെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.രണ്ട് മാസത്തോളം നീണ്ട വിവാദത്തിന് ഇതോടെ ശമനമായെങ്കിലും,
പാർട്ടിയിലും പുറത്തും തരൂർ ആർജിക്കുന്ന പിന്തുണ മുതിർന്ന നേതാക്കളെ അലോസരപ്പെടുത്തുമെന്നാണ് സൂചന.
സുധാകരനും
വിമർശനം
യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കെ.സുധാകരന്റെ ആർ.എസ്.എസ്. അനുകൂല പരാമർശത്തിനെതിരെയും വിമർശനമുണ്ടായി. അത് അനാവശ്യമായിരുന്നുവെന്ന് എം.എം.ഹസൻ പറഞ്ഞു.
മുസ്ലീം ലീഗ് വർഗീയ കക്ഷിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരാമർശവും ചർച്ചാവിഷയമായി. സി.പി.എമ്മിന്റെ കെണിയിൽ വീഴാതെ പ്രതികരിച്ച ലീഗ് നേതാക്കളുടെ നിലപാടിനെ യോഗം അഭിനന്ദിച്ചു. വിഴിഞ്ഞം സമരം, ഗവർണർ - സർവകലാശാല വിവാദം തുടങ്ങിയവയും ചർച്ച ചെയ്തു. പി.ജെ. കുര്യന്റെ പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേക ക്ഷണിതാവാക്കിയതിലെ അതൃപ്തി ഇന്നലെ കുര്യനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു..
നേതാക്കളുടെ
'അമ്മാവൻ സിൻഡ്രോം'
മാറണം: യൂത്ത് കോൺ.
#തരൂരിനെ അനുകൂലിച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പ്രമേയം
പഴയങ്ങാടി(കണ്ണൂർ): ശശി തരൂർ എം.പിയെ പിന്തുണച്ചും, കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും കണ്ണൂരിൽ യൂത്ത് കോൺഗ്രസ്. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും തൻപോരിമയുമാണെന്നും, ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും .മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരായ പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിറുത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. നേതാക്കളുടെ 'അമ്മാവൻ സിൻഡ്രോം' മാറണമെന്നും പ്രമേയത്തിലുണ്ട്.
ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ശശി തരൂർ കേരളത്തിന്റ വടക്കൻ ജില്ലകളിൽ പര്യടനം ആരംഭിച്ചതാണ് സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത്. സാമൂഹിക -സാംസ്കാരിക പ്രമുഖരെയും മതനേതാക്കളെയും സന്ദർശിച്ചും, പൊതു പരിപാടികളിൽ പങ്കെടുത്തും നടത്തിയ പര്യടനത്തിനെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തി. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, മുൻകൂട്ടി അറിയിക്കാതെയാണ് തരൂർ പരിപാടികളിൽ പങ്കെടുക്കുന്നതെന്നുമായിരുന്നു നേതാക്കളുടെ വിമർശനം. ഇതോടെ ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ നടത്തിപ്പിൽ നിന്നും കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പിന്മാറി. ഒരു വിഭാഗം തരൂരിന് പിന്തുണ നൽകിയതോടെ തമ്മിലടിയിൽ കോൺഗ്രസിന് മറുപടി നൽകേണ്ടി വന്നു. തരൂരുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങൾക്കെതിരെ മുസ്ലിം ലീഗും രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തത്കാലം പരിഹാരമായത്.
തരൂർ പ്രശ്നം തീർന്നു:
കെ.സുധാകരൻ
കൊച്ചി: കോൺഗ്രസിൽ ശശി തരൂർ പ്രശ്നം അവസാനിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ഡൽഹിയിൽ നടന്ന സൗഹൃദ സംഭാഷണത്തിൽ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്നും ,തരൂർ കോൺഗ്രസിന്റെ സ്വത്താണെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനങ്ങൾ വിശദീകരിക്കവേ അദ്ദേഹം വ്യക്തമാക്കി .
പാർട്ടി ചട്ടക്കൂടിന് വിധേയമായി തരൂരിന് പ്രവർത്തിക്കുന്നതിന് ഒരു തടസവുമില്ലെന്നാണ് കെ.പി.സി.സി തീരുമാനം. എ.ഐ.സി.സി. അനുമതിയോടെ മൂന്നു മാസത്തിനുള്ളിൽ പാർട്ടി പുന:സംഘടന പൂർത്തീകരിക്കും. കഴിവുള്ള നേതാക്കളെ പരിഗണിക്കും.സി.പി.എമ്മിന് ഇപ്പോൾ മുസ്ലീം ലീഗിനോട് പ്രേമമാണ്. രണ്ടു പേർക്കും പ്രേമം ഉണ്ടായെങ്കിലല്ലേ കാര്യം നടക്കൂ. ലീഗ് വർഗീയ പ്രസ്ഥാനമാണെന്ന് കോൺഗ്രസ് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞത് സി.പി.എമ്മാണ്. പിണറായി വിജയൻ പറഞ്ഞതാണോ ,എം.വി.ഗോവിന്ദൻ പറഞ്ഞതാണോ ശരിയെന്ന് സി.പി.എം വ്യക്തമാക്കണം.
കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടങ്ങാൻ കെ.പി.സി.സി തീരുമാനിച്ചു. കേരളത്തിലെ ലഹരി മരുന്ന് മാഫിയയ്ക്ക് പിന്നിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണ്. ലഹരി വിരുദ്ധ കാമ്പയിനും കെ.പി.സി.സി ആരംഭിക്കും. സെമിനാറുകളും പദയാത്രകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.