കൊച്ചി: കാലം കാത്തിരുന്ന കലയരങ്ങൊരുക്കി വിശ്വമോഹിനിയായി കൊച്ചി. വരകളും വർണങ്ങളും കൗതുകങ്ങളും ആറാടുന്ന ബിനാലേ വേദികളിൽ 'സിരകളിൽ മഷിയും തീയുമായി" ഇന്നു മുതൽ ഏപ്രിൽ പത്തുവരെ ലോകരാജ്യങ്ങളുടെ അപൂർവ സംഗമം. എറണാകുളം, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ പ്രമുഖ കേന്ദ്രങ്ങളിലാണ് കലാലോകമൊരുക്കുന്ന പൂരക്കാഴ്ചകൾ.
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയാണ് കേരളത്തിന്റെ സ്വന്തം സമകാലിക കലാസൃഷ്ടികളുടെ പ്രദർശന വേദി. 34 കലാകാരൻമാരുടെ നൂറ്റമ്പതോളം സൃഷ്ടികൾ ഇവിടെയുണ്ടാകും. ഇൻസ്റ്റലേഷൻ ഉൾപ്പെടെയുള്ള പുതുമകളും ആസ്വദിക്കാം.
കലാലോകത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലും പ്രതിഫലിക്കുന്നതായി ക്യൂറേറ്റർമാരായ ജിജി സ്‌കറിയ, പി.എസ്. ജലജ, രാധ ഗോമതി എന്നിവർ പറഞ്ഞു.
ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് , കബ്രാൾ യാർഡ്, ടി.കെ.എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിടങ്ങളിൽ ഷുബിഗി റാവു ക്യൂറേറ്റ് ചെയ്ത 90 രാജ്യാന്തര കലാകാരന്മാരുടെ ഇരുന്നൂറിലേറെ സൃഷ്ടികൾ പ്രദർശിപ്പിക്കും.
മുസിരിസിന്റെ ചരിത്ര പെരുമയിലേക്കുള്ള യാത്രയാകും കാശി ആർട്ട് കഫേയിലെയും ഡച്ച് വെയർഹൗസിലെയും പ്രദർശനം. കബ്രാൾ യാർഡിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചൊരുക്കിയ താല്ക്കാലിക പവിലിയനിലാണ് സെമിനാറുകളും ചർച്ചകളും കലാവതരണങ്ങളും നടക്കുക.
60 കലാപഠന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയ സ്റ്റുഡന്റ്‌സ് ബിനാലേ, കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ആർട്ട് ബൈ ചിൽഡ്രൻ എന്നിവയും മേളയുടെ ഭാഗമാണ്.
കലാസൃഷ്ടികൾ കാലത്തിനു വഴികാട്ടുന്നു: ഷുബിഗി റാവു
തിരിച്ചറിവും ആത്മവിശ്വാസവും നൽകുന്ന കലാസൃഷ്ടികൾ കാലത്തിനു വഴികാട്ടുന്നതായി ക്യൂറേറ്റർ ഷുബിഗി റാവു പറഞ്ഞു. ഭയാനകമായ കാലഘട്ടത്തിൽ ശുഭപ്രതീക്ഷയുടെ വെളിച്ചമാണ് സർഗസൃഷ്ടികൾ. കഥകളും കടങ്കഥകളും നർമ്മവും ആക്ഷേപഹാസ്യവുമെല്ലാം ബിനാലേ വേദികളിൽ ആസ്വദിക്കാനാകും.
ബിനാലേ ക്യൂറേറ്ററായി വനിത എത്തുന്നത് ഇതു രണ്ടാംതവണയാണ്. 2020ലെ ബിനാലെയിലേക്കാണ് ഷുബിഗിയെ തിരഞ്ഞെടുത്തത്. വെനീസിലെ ഇൻസ്റ്റിറ്റിയൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു പ്രഖ്യാപനം.
മുംബയിൽ ജനിച്ച് ഡൽഹി സർവകലാശാലയിൽ നിന്നു ബിരുദമെടുത്ത ഈ 47കാരി അറിയപ്പെടുന്ന എഴുത്തുകാരിയുമാണ്.