കൊച്ചി: എറണാകുളം നോർത്തിലെ ഒരു ബാറിൽ മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ യുവാവിന് പരിക്ക്. തൃപ്പൂണിത്തുറ പുല്പാവീട്ടിൽ കേശവ് രഞ്ജുവിനാണ് (22) പരിക്കേറ്റത്. സംഭവത്തിൽ കാക്കനാട് കുന്നുംപുറത്തുവീട്ടിൽ അസ്ലമിനെ (27) നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. അസ്ലമും രണ്ട് യുവതികളും ബാറിലുണ്ടായിരുന്നു. കേശവും സുഹൃത്ത് അമൽദേവും ഇവരോട് ലൈറ്റർ ആവശ്യപ്പെട്ടു. ആദ്യത്തെ തവണ അസ്ലം ലൈറ്റർ നൽകിയെങ്കിലും രണ്ടാമത് വീണ്ടും ലൈറ്റർ ചോദിച്ചത് വാക്കേറ്റത്തിന് കാരണമായി. പരാതിക്കാർ അസ്ലമിനൊപ്പമുണ്ടായിരുന്ന യുവതികളെ അസഭ്യം പറഞ്ഞതാണ് വാക്കേറ്റത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കേശവും അമൽദേവും ബാറിന് പുറത്തിറിങ്ങി. ഇവർക്ക് പിന്നാലെ ഇറങ്ങിയ അസ്ലം കേശവിനെയും അമലിനെയും മർദ്ദിക്കുകയായിരുന്നു. കാലുകൊണ്ട് തൊഴിക്കുന്നതിനിടയിൽ കേശവ് കല്ലിൽ തലയടിച്ചു വീണു. തലയിൽ നാല് തുന്നിക്കെട്ടുകളുണ്ട്. അമൽദേവിനും പരിക്കേറ്റിട്ടുണ്ട്.