bjp

ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷത്തിന്റെ മറവിലുള്ള അഴിമതിയും ധൂർത്തിനുമെതിരെ ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. നഗരത്തിലെ വെള്ളക്കെട്ട്, അപര്യാപ്തമായ ശുചീകരണ പ്രവർത്തനങ്ങൾ, വാർഡുകളിലെ പ്രവർത്തനരഹിതമായ വഴിവിളക്കുകൾ, പൊളിച്ചിട്ടിരിക്കുന്ന മാർക്കറ്റ്, അറ്റകുറ്റപണികൾ നടത്താത്ത ടൗൺഹാളുകൾ, മുനിസിപ്പൽ ക്വാർട്ടേഴ്‌സുകൾ, കുട്ടികളുടെ പാർക്ക്, പെരിയാറിന്റെ തീരത്തെ ഫുട്പാത്ത്, പാതിവഴിയിൽ നിൽക്കുന്ന സൗന്ദര്യവത്കരണം തുടങ്ങിയവയ്ക്ക് ഒന്നിനും ശതാബ്ദിയാഘോഷ പരിപാടികളിൽ ഊന്നൽ നൽകാതെ ഭരണപക്ഷം പ്രഹസനം കാട്ടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

ശതാബ്ദിയുടെ മറവിൽ നടത്തിയ അഴിമതിയെക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ, സെക്രട്ടറി കെ.ആർ. രജി, ട്രഷറർ ജോയ് വർഗീസ്, ആർ. സതീഷ്‌കുമാർ, ഇല്ലിയാസ് അലി, വിദ്യ ബൈജു, വി.പി. രാധാകൃഷ്ണൻ, കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി എന്നിവർ സംസാരിച്ചു.