ps-sreedharan-pillai

കൊച്ചി: ഗോവ ഗവർണർ അടിക്കടി കേരളത്തിൽ വരുന്നതിനെ വിമർശിച്ച കെ. മുരളീധരൻ എം.പിക്ക് പേരു പരാമർശിക്കാതെ ചുട്ട മറുപടിയുമായി പി.എസ്. ശ്രീധരൻ പിള്ള.

15 മാസം കൊണ്ട് ഗോവയിലെ 461 ഗ്രാമങ്ങളും നേരിട്ട് സന്ദർശിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരമുണ്ടാക്കിയിട്ടുണ്ട്. വാചകക്കസർത്തു കൊണ്ടോ, അച്ഛൻ മുഖ്യമന്ത്രിയായിരുന്നതിന്റെ പാരമ്പര്യം കൊണ്ടോ അല്ല ഇതെന്നും, എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് തന്റെ നാല് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലെ മറുപടി പ്രസംഗത്തിൽ ശ്രീധരൻ പിള്ള പറഞ്ഞു.

കൈയ്യടി കിട്ടാൻവേണ്ടി വിടുവായത്തം പറഞ്ഞ് ആളു ചമയുന്നതല്ല രാഷ്ട്രീയം. രാഷ്ട്രീയക്കാർ എഴുത്തും വായനയുമില്ലാതെ വിടുവായത്തം പറയുന്നവരാണെങ്കിൽ എങ്ങനെ ജനാധിപത്യം വിജയിക്കും? അതുകൊണ്ട് എം.പി പോയി എഴുത്തും വായനയും പഠിക്കട്ടെ.രാജൻ കേസിൽ താൻ ഈച്ചര വാര്യരുടെ നഷ്ടപരിഹാരക്കേസ് വാദിച്ചതിന്റെ വൈരാഗ്യമായിരിക്കും എം.പിക്ക്. രാജൻ കേസിന് ഉത്തരവാദികളായ അഞ്ചു പേരുടെയും അവസ്ഥ കേരളം കണ്ടതാണ്. ആ സംഭവത്തിൽ രാഷ്ട്രീയ നേതൃത്വം കൊടുത്തയാൾ പുത്ര ദു:ഖം അനുഭവിച്ചിരുന്നോയെന്ന് ആലോചിക്കണം. കർമ്മം നന്നായാലേ മോക്ഷം ലഭിക്കൂ. വോട്ടു ചെയ്തവർക്കും ചെയ്യാത്തവർക്കും ഒരു പോലെ നീതി കൊടുക്കുന്നതാണ് രാജ്യ നീതി. താൻ മുസ്ലീം, ക്രിസ്ത്യൻ വിരുദ്ധനല്ല. എല്ലാവരെയും ഒന്നായി കാണുന്ന രാഷ്ട്രീയം ആർ.എസ്.എസ് ചിന്താധാരയിൽ നിന്ന് പഠിച്ചതാണ്. എഴുത്തുകാരനെന്ന നിലയിൽ തന്റെ പ്രയാണം അനുസ്യൂതം തുടരും. ഗോവയെക്കുറിച്ച് എഴുതാനാണ് ഇനിയുള്ള ശ്രമമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

 ഹരികൃഷ്ണൻസിലെ ഇരട്ടക്ലൈമാക്സ്: രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

കൊച്ചി: ഹരികൃഷ്ണൻസ് എന്ന സിനിമയിലെ ഇരട്ട ക്ലൈമാക്സ് വെവ്വേറെ സ്ഥലങ്ങളിൽ റീലീസ് ചെയ്യപ്പെട്ടത് ബോധപൂർവമല്ലെന്നും ,അത് വിതരണക്കാർക്ക് പറ്റിയ പിശകാണെന്നും മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ. ഒരേ സ്ഥലത്തെ വിവിധ തിയേറ്ററുകളിൽ രണ്ടു തരം ക്ലൈമാക്സ് പ്രദർശിപ്പിക്കുമ്പോൾ കൂടുതൽ കാണികളെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആ പരീക്ഷണം. സംഘാടകർക്ക് പറ്റിയ പിശക് ചൂണ്ടിക്കാട്ടാൻ ജസ്റ്റിസ് സിറിയക് ജോസഫ്, ഹരികൃഷ്ണൻസ് എന്ന സിനിമയെ ഉദാഹരണമായി പരാമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ എഴുത്താഴം@182ന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ.

പുസ്തക പ്രകാശന ചടങ്ങിന്റെ ക്ഷണക്കത്തിൽ തന്റെ ചിത്രം ഇല്ലാതിരിക്കുകയും, എറണാകുളത്ത് വന്നപ്പോൾ കണ്ട പോസ്റ്ററിൽ ചിത്രം ഉണ്ടാവുകയും ചെയ്തത് ചൂണ്ടിക്കാട്ടാനാണ് ജസ്റ്റിസ് സിറിയക് ജോസഫ് സിനിമയുടെ ഇരട്ട ക്ലൈമാക്സ് ഉദാഹരണമാക്കിയത്.