x

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന് മുന്നിൽ വലിയ വെള്ളക്കെട്ടിന് കാരണമായത് കാനയിലെ തടസങ്ങളും പുറമ്പോക്കിലെ തട്ടുകടയും. കാനയിലെ തടസംനീക്കാൻ നഗരസഭയും ദേവസ്വം ബോർഡും നടപടി തുടങ്ങി. വൃശ്ചികോത്സവ ആറാട്ട് ദിനത്തിലെ വെള്ളപ്പൊക്കത്തിൽ ക്ഷേത്രത്തിന് മുന്നിൽ ഭക്തരുടെ നൂറുകണക്കിന് ചെരുപ്പുകൾ ഒഴുകി നടക്കുന്ന വീഡിയോ വൈറലായിരുന്നു.

ഇന്നലെ രാവിലെ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷിന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നിയുടെയും നേതൃത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിന്റെ മുന്നിലെ കാനയിൽ നിന്ന് മാലിന്യങ്ങളും ചെരുപ്പുകളും നീക്കി.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി പ്രകാശ് അയ്യർ, അസിസ്റ്റന്റ് കമ്മിഷണർ മനോജ്, വാർഡ് കൗൺസിലർ രാധിക വർമ്മ തുടങ്ങിയവരും സ്ഥലത്തെത്തി.

ക്ഷേത്ര കവാടത്തിനോട് ചേർന്ന് ദേവസ്വം ബോർഡിന്റെ പുറമ്പോക്ക് കൈയേറി കാനയുടെ മുകളിൽ നടത്തുന്ന കടയാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നാണ് ആരോപണം. കടമൂലം കാന വൃത്തിയാക്കാനാവുന്നില്ല.

''20 വർഷമായി നടത്തുന്ന കടയാണ് ഏക ഉപജീവനമാർഗം. വൃക്ക രോഗിയാണ്. പഠിക്കുന്ന 2 കുട്ടികളുണ്ട്. വേറെ ഒരു തൊഴിലും എടുത്ത് ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ് ""

വി.എസ്. സുഗുണൻ,​ കട ഉടമ

''ദേവസ്വം ഭൂമി കൈയേറി സ്ഥാപിച്ച കടയ്ക്ക് മുമ്പും നോട്ടീസ് കൊടുത്തിട്ടുണ്ട്. കട ഒഴിഞ്ഞില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങും""

എം. മനോജ്, അസി. കമ്മിഷണർ, കൊച്ചി ദേവസ്വം