x
ശശീന്ദ്രൻ ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന്റെ മുമ്പിൽ കിടന്ന് സമരം ചെയ്യുന്നു.

തൃപ്പൂണിത്തുറ: ജന്മനാലുള്ള അസ്ഥിരോഗം മൂലം വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെടുകയും നേത്രപടലത്തിൽ ബാധിച്ച രോഗത്താൽ 16 വയസ് മുതൽ കാഴ്ചനഷ്ടപ്പെടുകയും ചെയ്ത,​ ഉദയംപേരൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തെക്കൻ പറവൂർ അരയശേരിയിൽ ശശീന്ദ്രൻ (61) വൈറ്റ് കെയിനിനുവേണ്ടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പായ വിരിച്ച് ഇരുന്നും കിടന്നും സമരം ചെയ്തു.

രാവിലെ 9.30 ന് തുടങ്ങിയ സമരം വൈകിട്ട് 5.30നാണ് അവസാനിപ്പിച്ചത്. പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ 2016 മുതൽ ഏഴ് തവണ പങ്കെടുത്തെങ്കിലും കാഴ്ച പരിമിതനായ തനിക്ക് ഇതുവരെയും വൈറ്റ് കെയിൻ കിട്ടിയിട്ടില്ലെന്നാണ് ശശീന്ദ്രന്റെ പരാതി. ഈ വർഷത്തെ ക്യാമ്പ് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. പാചകജോലി ചെയ്താണ് ശശീന്ദ്രൻ ഉപജീവനം നടത്തിയിരുന്നത്. ഇപ്പോൾ ശാരീരിക അസ്വസ്ഥതകളും കാഴ്ചപരിമിതിമൂലവും ജോലിക്ക് പോകാൻ കഴിയുന്നില്ല. അതേസമയം,​ ഭിന്നശേഷി സഹായ ഉപകരണ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ശശീന്ദ്രന് വൈറ്റ് കെയിൻ, ബ്രെയിലി വാച്ച് എന്നിവ അനുവദിച്ചിട്ടുണ്ടെന്നും അവ മാർച്ചിനകം കൈമാറുമെന്നും ഉദയംപേരൂർ പഞ്ചായത്ത്

ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ. അനുഷ പറഞ്ഞു.