f-f-a

കളമശേരി: ഏലൂരിനാകെ അഭിമാനമായി ഫ്യൂച്ചർ ഫുട്ബാൾ അക്കാഡമി അംഗങ്ങളായ വികാസ്, മുഹമ്മദ് യാസീൻ, ഷോൺ, അമൽ എന്നിവർക്ക് ജില്ലാ ടീമിൽ സെലക്ഷൻ നേടി. അക്കാഡമി അംഗമായ അതുൽ കൃഷ്ണൻ ഈസ്റ്റ് ബംഗാളിനായും കളിക്കാൻ കരാർ സ്വന്തമാക്കി.

അക്കാഡമിയിലെ നിരവധിപേർ കേരള പ്രീമിയർ ലീഗിലും പ്രൊഫഷണൽ ക്ലബ്ബുകളിൽ കളിക്കുന്നുണ്ട്. മികച്ച ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കാൻ ഏലൂരിൽ 25 കുട്ടികളുമായി ആരംഭിച്ചതാണ് ഫ്യൂച്ചർ ഫുട്ബാൾ അക്കാഡമി. 200 ഓളംപേർക്ക് പരിശീലനം നൽകുന്ന സ്ഥാപനമായി വളർന്നു. ജില്ലയ്ക്കകത്തെ 30 ഓളം ടൂർണമെ‌ന്റുകളിൽ ചാമ്പ്യന്മാരുമായി.

2016ൽ ബജാജ് അലയൻസിന്റെ പരിശീലനത്തിന് മ്യൂണിക്കിൽ പോകാനും സ്കൂൾ ഇന്ത്യക്കുവേണ്ടി ഇറാനിൽ കളിക്കാനും ആൽഫിന് അവസരം ലഭിച്ചു. അരുൺ സുരേഷും അതുൽ ഉണ്ണിക്കൃഷ്ണനും സ്പെയ്നിൽ മാഡ്രിഡിൽ പരിശീലനത്തിനും അവസരം നേടിയിരുന്നു.

ഫാക്ട് മാനേജ്മെന്റ് പരിശീലനത്തിന് സഹായങ്ങൾ നൽകിയിട്ടുണ്ട്. രണ്ടു വർഷമായി എച്ച്.ഐ.എൽ ഗ്രൗണ്ടിലാണ് പരിശീലനം. മുൻ സന്തോഷ് ട്രോഫി കളിക്കാരനും ഫാക്ട് ടീം അംഗവുമായ വാൾട്ടർ ആന്റണി, ഫുട്ബാൾ കളിക്കാരായ പോൾ പി.തോമസ്, പ്രമോദ് കുമാർ, എ.ബി.ഹംസ എന്നിവരാണ് ക്ലബ്ബ് നയിക്കുന്നത്.