book-fest

കൊച്ചി: കക്ഷിരാഷ്ട്രീയത്തിന് അതീതമായ കാഴ്ചപ്പാടുകളുള്ള പി.എസ്. ശ്രീധരൻപിള്ളയുടെ പുസ്തകങ്ങൾ ചിന്താദീപ്തവും വിജ്ഞാനദായകവുമാണെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ എഴുത്താഴം @182 എന്ന ചടങ്ങിൽ ഗോവ ഗവർണ‍ർ പി.എസ്. ശ്രീധരൻ പിള്ള രചിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ ഒരാൾ 182 പുസ്തകങ്ങൾ എഴുതിയെന്നത് വലിയ അത്ഭുതമാണ്. കേവലം ശാരീരിക അദ്ധ്വാനം കൊണ്ട് ചെയ്യാവുന്ന ജോലിയല്ല പുസ്തകമെഴുത്ത്. തലയിൽ എന്തെങ്കിലും ആലോചിച്ച് അത് തീരുമാനിച്ചുറപ്പിച്ച് അതിന്റെ സത്യസന്ധത മനസിലാക്കി എഴുതുകയെന്നത് വലിയൊരു സപര്യയാണ്. ഇവിടെ പ്രകാശിപ്പിക്കുന്ന മൂന്ന് പുസ്തകങ്ങൾ ഗവർണർ എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ്. നാലാമത്തേത് കഥയില്ലാത്തവരുടെ കഥയാണ്. കലയും സാഹിത്യവും ജോലിയും കാഴ്ചയും എല്ലാം രാഷ്ട്രീയമാണ്. അത്തരം രാഷ്ട്രീയം സമൂഹത്തിന്റെ വലിയ വികാരവും നമ്മെ ഒന്നിച്ചുനിറുത്തുന്നതുമാണ്. അതിനപ്പുറത്തേക്ക് ഏതെല്ലാം തരത്തിൽ വികേന്ദ്രീകരിക്കാനോ മാറ്റിനിറുത്താനോ ശ്രമിച്ചാലും അതിനെയെല്ലാം അതിജീവിച്ച് നാം ഒത്തുചേരുമെന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. 'എഴുത്താഴം @ 182' ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഹരിലാൽ ബി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.എ. ബൈജുനാഥ്, കേരള ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് വിജയൻ, മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ.ടി. അസഫ് അലി, ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, കഥാകൃത്ത് എബ്രഹാം മാത്യു, വനിതാ കമ്മീഷൻ മുൻ അംഗം ഡോ.ജെ. പ്രമീള ദേവി, മുൻ മന്ത്രി പ്രൊഫ. കെ.വി. തോമസ് എന്നിവർ സംസാരിച്ചു. ഇ.എൻ. നന്ദകുമാർ സ്വാഗതവും മാധവൻകുട്ടി അട്ടഞ്ചേരി നന്ദിയും പറഞ്ഞു. പി.എസ്. ശ്രീധരൻ പിള്ള മറുപടി പ്രസംഗം നടത്തി.