p

കൊച്ചി: ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് ക്രമാതീതമായാൽ എരുമേലി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സമീപ സ്ഥലങ്ങളിൽ വാഹനങ്ങൾ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്കു കുറയ്ക്കണമെന്ന് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

ദർശനസമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചെന്ന് ദേവസ്വം ബോർഡും വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിന ഓൺലൈൻ ബുക്കിംഗിന്റെ എണ്ണം 90,000 മാക്കി നിജപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകനും ദേവസ്വം ബെഞ്ചിനെ അറിയിച്ചു.

അഷ്ടാഭിഷേക വഴിപാട് പ്രതിദിനം 15 എണ്ണമാക്കി കുറച്ചെന്ന് സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അഷ്ടാഭിഷേക വഴിപാടു നടത്തുന്നവരെ ഒരു നിരയാക്കി ശ്രീകോവിലിനു മുന്നിൽ നിറുത്തുന്നതോടെ പുതിയ വരിക്ക് സ്ഥലം ലഭിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമലയിലെ തിരക്കു നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന സംയുക്ത യോഗത്തിലെ തീരുമാനങ്ങൾ വ്യക്തമാക്കി പത്തനംതിട്ട കളക്ടർ ഇന്നു സ്റ്റേറ്റ‌്മ‌െന്റ് നൽകും. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

നിലയ്ക്കലിൽ പാർക്കിംഗ് ഗ്രൗണ്ടുകളുടെ കരാറുകാരനു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെത്തുടർന്ന് മതിയായ ജീവനക്കാരെ ഗ്രൗണ്ടുകളിൽ നിയോഗിച്ചെന്ന് ബോർഡ് വിശദീകരിച്ചു. ഇതിന്റെ വിശദാംശങ്ങളും ഇന്ന് അറിയിക്കണം.

ചന്ദ്രാനന്ദൻ റോഡിലൂടെ

കടന്നുകയറ്റം തടയണം

കഴിഞ്ഞ ദിവസം മരക്കൂട്ടത്ത് തിക്കും തിരക്കമുണ്ടായത് ചന്ദ്രാനന്ദൻ റോഡിലൂടെ ഭക്തർ നിയന്ത്രണമില്ലാതെ കടന്നുവതു കൊണ്ടാണെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രാനന്ദൻ റോഡിലൂടെ കടന്നു കയറുന്നതു തടയണം. പ്രതിദിനം ദർശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തണം. 100 ഇന്ത്യൻ റിസർവ് ബറ്റാലിയൻ അംഗങ്ങളെ പതിനെട്ടാംപടിയിൽ നിയോഗിച്ചു. 422 പൊലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. നവംബർ 16 മുതൽ ഡിസംബർ പത്തു വരെ വെർച്വൽ ക്യൂ മുഖേന പ്രതിദിന ദർശനത്തിനു ബുക്ക് ചെയ്തവരിൽ 85 - 95 ശതമാനം ഭക്തർ ദർശനത്തിനെത്തി. സ്പോട്ട് ബുക്കിംഗിലൂടെ 5 -8 ശതമാനം ഭക്തരും എത്തി. ദർശന ശേഷം ഭക്തർ വേഗം പമ്പയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കണം.