കോലഞ്ചേരി: കാലാവസ്ഥ വില്ലനായതോടെ ചെങ്കണ്ണ് രോഗം വ്യാപകമായി. കൊച്ചു കുട്ടികളിലാണ് രോഗബാധ കൂടുതലായി കാണുന്നത്. കണ്ണ് ചുവന്ന് സ്കൂളിലെത്തുന്നവരെ അദ്ധ്യാപകർ മുൻകൈയെടുത്ത് തിരിച്ചയക്കുകയാണ്. അതിവേഗം പടരുന്ന രോഗമായതിനാൽ മറ്റു കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനാണിത്.
കണ്ണിന്റെ നേത്ര പടലത്തെ ബാധിക്കുന്ന ചെങ്കണ്ണ് രോഗം കോശഭിത്തിയിൽ വൈറസ്, ബാക്ടീരിയ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. കണ്ണ് ചുവക്കുന്നതാണ് മുഖ്യ രോഗ ലക്ഷണം.
നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേർത്ത ആവരണത്തിൽ ഉണ്ടാകുന്ന അണുബാധയും തുടർന്നുണ്ടാകുന്ന നീർക്കെട്ടുമാണ് ഇതിനു കാരണം.
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ
ചിലർക്ക് പനിയും ജലദോഷവും അനുഭവപ്പെടാം. കണ്ണിനു ചുവപ്പ്, വേദന, ചൊറിച്ചിൽ, പഴുപ്പടിഞ്ഞു പീളകെട്ടുക, വെള്ളമൊഴുകുക, കൺപോളകൾ വിങ്ങിവീർക്കുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. ചെങ്കണ്ണു ബാധിച്ചാൽ ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയും വന്നുചേരും.
സർക്കാർ ആശുപത്രികളിലുൾപ്പെടെ വിദഗ്ദ്ധ ചികിത്സ ലഭിക്കുമെങ്കിലും ചികിത്സതേടാൻ ആളുകൾ മടിക്കുകയാണ്. പലരും സ്വയം ചികിത്സ നടത്തിയാണ് രോഗത്തെ നേരിടുന്നത്. എന്നാൽ, ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ദ്ധർ പറയുന്നത്. രോഗംബാധിച്ചാൽ സാധാരണ അഞ്ചുമുതൽ ഏഴ് ദിവസം വരെയും സങ്കീർണമായാൽ 21 ദിവസം വരെയും നീണ്ടുനിൽക്കാം.
രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുതെന്നും കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
രോഗം പിടിപെടാതിരിക്കാൻ
രോഗമുള്ളവർ ആൾക്കൂട്ടങ്ങളിൽനിന്ന് സ്വയം മാറിനിൽക്കുന്നതാണ് നല്ലത്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങൾ സ്പർശിച്ചാൽ രോഗാണുക്കൾ കണ്ണിലെത്താം. രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് അകലംപാലിക്കണം. രോഗി ഉപയോഗിക്കുന്ന തോർത്ത്, കിടക്ക, തലയണ, പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ചീപ്പ്, മൊബൈൽഫോൺ, മുതലായവ മറ്റുള്ളവർ ഉപയോഗിക്കരുത്. ഇടക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.
വൃത്തിയായി കഴുകുന്നതിന് മുൻപ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾചെയ്യരുത്. ചികിത്സതേടി വിശ്രമമെടുത്താൽ ചെങ്കണ്ണ് ഭേദമാകും.