fancy

തൃക്കാക്കര: സംസ്ഥാനത്ത് ആദ്യമായി ഡി.എ സീരീസ് രജിസ്ട്രേഷൻ എറണാകുളം ആർ.ടി ഓഫീസിൽ ആരംഭിച്ചു. ഡി.എ സീരീസ് ബുക്കിംഗ് നവംബർ 28ന് തുടങ്ങിയെങ്കിലും സെർവർ തകരാർ മൂലം രജിസ്ട്രേഷൻ ബുക്കിംഗ് മന്ദഗതിയിലായിരുന്നു. ഫാൻസി നമ്പർ ഇനത്തിൽ മാത്രം ഇതുവരെ 6,35,000 രൂപ ലഭിച്ചു. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ പോയത് കെ.എൽ 07 ഡി.എ 0001 ആണ്. സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഈ വാഹനം ഇഷ്ടനമ്പർ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപ മുടക്കിയാണ്. കെ.എൽ 07 ഡി.എ 0007എന്ന നമ്പറിന് 80,000 രൂപയും കെ.എൽ 07 ഡി.എ 0009ന് 25,000 രൂപയും ലഭിച്ചു. ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ നടക്കുന്ന സ്ഥലമാണ് എറണാകുളം. ഫാൻസി നമ്പറുകൾക്കും ഇവിടെ ആവശ്യക്കാർ ഏറെ. ചലച്ചിത്ര താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട കേന്ദ്രം കൂടിയാണ് ഫാൻസി നമ്പർ അനുവദിക്കുന്ന എറണാകുളം ആർ.ടി ഓഫീസ്. മാസത്തിൽ ഒരു താരമെങ്കിലും ഇഷ്ട നമ്പറിനായി ഇവിടേക്കെത്തുന്നുണ്ട്.