police

കോലഞ്ചേരി: ട്വന്റി 20 പാർട്ടി പ്രസിഡന്റും കി​റ്റെക്‌സ് എം.ഡിയുമായ സാബു എം. ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നൽകിയ കേസിൽ പരാതിക്കാരനായ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി.

പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്‌നാഥ് കോലഞ്ചേരിയിലെ എം.എൽ.എ ഓഫീസിലെത്തിയാണ് മൊഴിയെടുത്തത്. പാർട്ടിയിൽ നിന്ന് മുൻകൂർ അനുമതി നേടിയാണ് പരാതി കൊടുത്തതെന്ന് തുടർന്ന് നടത്തിയ പത്രസമ്മേളനത്തിൽ ശ്രീനിജിൻ പറഞ്ഞു. കഴിഞ്ഞ ആഗസ്​റ്റ് 17ന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിന്റെ ഉദ്ഘാടകനായ എം.എൽ.എയെ വേദിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. വ്യക്തി പരമായ പ്രശ്നമല്ല, സമൂഹത്തിന് നേരെയുള്ള കടന്നാക്രമണത്തെയാണ് നേരിടുന്നതെന്ന് ശ്രീനിജിൻ പറഞ്ഞു.