ramayan

കൊച്ചി: മലയാള ലിപി കടംകൊണ്ട് കൊങ്കണി ശൈലിയിൽ ആദ്യത്തെ ആദ്ധ്യാത്മിക ഗ്രന്ഥമായി 'കുളുംബ്യാം രാമായണ്' പിറന്നു. മാതൃഭാഷയും സംസ്‌കാരവും തലമുറകളിലൂടെ നിലനിറുത്താനുള്ള കുഡുംബി സമുദായത്തിന്റെ നിരന്തര പരിശ്രമഫലമാണ് ഗ്രന്ഥം.

പതിറ്റാണ്ടിലേറെയായി കൊങ്കണിഭാഷാ പ്രചാരണം നടത്തുന്ന കൊച്ചിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥ പി.എസ്. മായയാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കൊങ്കണിയിലേക്ക് വിവർത്തനം ചെയ്തത്. കുഡുംബി സമുദായത്തിന്റെ തനത് ഭാഷയായ കൊങ്കണിക്ക് സ്വന്തമായി ലിപിയില്ല. ദേവനാഗരി ലിപിയാണ് ഉപയോഗിക്കുന്നത്. സമുദായ കൂട്ടായ്‌മകളിലും കുടുംബ സദസുകളിലും കൊങ്കണി സംസാരഭാഷയായി ഉപയോഗിക്കണമെന്നത് നിർബന്ധമാണെങ്കിലും പുതുതലമുറ തീരെ തത്പരരല്ല. അതിനാൽ ഭാഷയും സംസ്കാരവും അന്യംനിന്നുപോകുമെന്ന പഴമക്കാരുടെ ആശങ്കയാണ് പാരമ്പര്യ ശൈലിയിൽ നിത്യപാരായണ ഗ്രന്ഥം തയ്യാറാക്കാൻ പ്രചോദനമായത്. ഗ്രന്ഥം ദേവനാഗിരിയിൽ എഴുതണമെന്നായിരുന്നു മുതിർന്ന തലമുറയുടെ ആവശ്യം. ദേവനാഗിരി പരിജ്ഞാനമുള്ളവർ കുറവായതിനാൽ അത് ഉപേക്ഷിച്ചു. പ്രശസ്ത കൊങ്കണി കവിയും സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവുമായ ആർ.എസ്. ഭാസ്കറാണ് 'കുളുംബ്യാം രാമായണ് ന്റെ അവതാരിക എഴുതിയത്. ഗ്രന്ഥത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം എറണാകുളത്ത് അഖിലകേരള ബ്രാഹ്മണസഭ ചെയർമാൻ രംഗദാസ പ്രഭു നിർവഹിച്ചു.

 കുടുംബി സമുദായം

2011ലെ സെൻസസ് പ്രകാരം ഏഴ് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള കു‌ഡുംബി സമുദായത്തിന്റെ ശക്തികേന്ദ്രങ്ങൾ എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളാണ്. കേരളത്തിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ഗോവയിൽ നിന്ന് വന്നുവെന്ന വാദത്തിനാണ് മുൻതൂക്കം. കർണാടകയിൽ നിന്ന് വയനാട് വഴി കേരളത്തിലെത്തിയെന്നും, കർണാടകത്തിലെ കുഡുംബ എന്ന ആദിവാസി ഗോത്രവും കേരളത്തിലെ കുഡുംബി സമുദായവും ഒന്നുതന്നെയെന്നും മറ്റൊരു വാദവുമുണ്ട്. സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

കുഡുംബികൾ നൂറ്റാണ്ടുകൾക്ക് മുമ്പ് ഗോവയിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയെന്നതിനാണ് കൂടുതൽ തെളിവുകളുള്ളത്. സമുദായത്തിന്റെ ഗോത്രപാരമ്പര്യം കണ്ടെത്തുന്നതിനുള്ള ഗവേഷണം 'കിർത്താഡ്സി'ൽ നടക്കുകയാണ്

എൽ. സുബ്രഹ്മണ്യൻ, കുടുംബി സേവാ സമാജം എക്സിക്യുട്ടീവ് അംഗം