
കൊച്ചി: പാതയോരങ്ങളിലെ അനധികൃത ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സമിതികളെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് ഇന്നലെ ഉത്തരവിറക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ളക്‌സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളിലാണ് സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് എം. ചെറിയാൻ ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ പുതിയ ഉത്തരവിനെത്തുടർന്ന് വിഷയം
പരിശോധിച്ചു റിപ്പോർട്ടു നൽകാൻ അമിക്കസ് ക്യൂറിക്ക് നിർദ്ദേശം നൽകി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ ഡിസംബർ 20നു പരിഗണിക്കാൻ മാറ്റി. ഇക്കാലയളവിൽ അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം അവർ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.