കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികളിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. സമരം ഒത്തുതീർന്ന സാഹചര്യത്തിൽ നടപടി തുടരേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചതു കണക്കിലെടുത്താണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. അദാനി ഗ്രൂപ്പിന്റെ ഹർജിയിൽ പൊലീസ് സംരക്ഷണം നൽകാൻ സെപ്തംബർ ഒന്നിനു സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഈ ഉത്തരവു നിലനിറുത്തിയാണ് ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചത്.